ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഒരു ബോളിംഗ് ഓൾറൗണ്ടറുടെ അഭാവം നിഴലിക്കുന്നുണ്ടെന്നും അതിനാൽ ഹാർദിക് പാണ്ട്യ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരണമെന്നും മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ അഭിപ്രായപ്പെട്ടു. യുവതാരം നിതീഷ് കുമാർ റെഡ്ഡി ടീമിലുണ്ടെങ്കിലും അദ്ദേഹം പ്രതീക്ഷിച്ച അത്രയും ഓവറുകൾ പന്തെറിയുന്നില്ലെന്നും അങ്ങനെ നോക്കിയാൽ ഹാർദിക് വന്നാൽ നന്നാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാർദിക്കിനെപ്പോലൊരു പരിചയസമ്പന്നനായ ഓൾറൗണ്ടർ ടെസ്റ്റ് ടീമിൽ വരുന്നത് ടീമിന് കൂടുതൽ സന്തുലിതാവസ്ഥ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാർ റെഡ്ഡി ടീമിലുണ്ടെങ്കിലും ഒരു സ്പെഷ്യലിസ്റ്റ് ഓൾറൗണ്ടർ എന്ന നിലയിൽ അദ്ദേഹം ബോളിംഗിൽ അത്ര സജീവമല്ലെന്ന് മുൻ താരം ഓർമിപ്പിച്ചു. ഫിറ്റ്‌നസ് പ്രശ്നങ്ങൾ കാരണം 2018-ന് ശേഷം ഹാർദിക് പാണ്ട്യ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കണം. എന്നാൽ ഇപ്പോൾ അദ്ദേഹം പൂർണ്ണ കായികക്ഷമത കൈവരിച്ച സാഹചര്യത്തിൽ ടെസ്റ്റിലേക്ക് മടങ്ങണമെന്നാണ് ആരാധകരുടെയും മുൻ താരങ്ങളുടെയും ആവശ്യം.
“ടെസ്റ്റിൽ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തിയാൽ അത് അതിശയകരമായിരിക്കും. അദ്ദേഹം കളിക്കുന്ന രീതി വെച്ച് എന്തും സംഭവിക്കാം.ഹാർദിക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ തീരുമാനിച്ചാൽ, ബിസിസിഐ അദ്ദേഹത്തോട് കളിക്കരുതെന്ന് ആവശ്യപ്പെടുമോ? കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) നേടാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞാൽ, അവർ വേണ്ടെന്ന് പറയുമെന്ന് ഞാൻ കരുതുന്നില്ല. ഹാർദിക് പോലെ ഒരു താരം പൂർണ ഫിറ്റായി കളത്തിലുണ്ടെങ്കിൽ അത് ടീമിന് നൽകുന്ന ബോണസ് വലുതായിരിക്കും.”
“അദ്ദേഹം ഇപ്പോൾ ഒന്നിലധികം ഐസിസി ലോക ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. ഐസിസി ട്രോഫികൾ – ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് – അദ്ദേഹം നേടി. ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പും നേടാൻ അദ്ദേഹം ആഗ്രഹിക്കുന്നു, അപ്പോൾ അതാണ് ഗ്രാൻഡ് സ്ലാം, അല്ലേ? ഏത് ക്രിക്കറ്റ് കളിക്കാരനാണ് തന്റെ രാജ്യത്തിനായി അത് ചെയ്യാൻ ആഗ്രഹിക്കാത്തത്? അദ്ദേഹം ഇപ്പോൾ തന്നെ പകുതി ദൂരം പിന്നിട്ടു,” അദ്ദേഹം കൂട്ടിച്ചേർത്തു.
പാണ്ഡ്യ 2018 ൽ ഇംഗ്ലണ്ടിനെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്. അടുത്ത കപിൽ ദേവ് എന്ന് ഒരിക്കൽ വിശേഷിപ്പിക്കപ്പെട്ട പാണ്ഡ്യ 11 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു, ഒരു സെഞ്ച്വറിയും നാല് അർദ്ധസെഞ്ച്വറികളുടെ സഹായത്തോടെ 532 റൺസ് നേടി. ഒരു അഞ്ച് വിക്കറ്റ് ഉൾപ്പെടെ 17 വിക്കറ്റുകൾ അദ്ദേഹം ഫോർമാറ്റിൽ വീഴ്ത്തി.













Discussion about this post