ന്യൂഡല്‍ഹി : സനാതന ധര്‍മ്മ വിവാദത്തില്‍ ഐഎന്‍ഡിഐഎ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ്. പണ്ട് ജവഹര്‍ലാല്‍ നെഹറുവും അംബേദ്കറും ഒപ്പു വച്ച ഭരണഘടനയുടെ യഥാര്‍ത്ഥ കയ്യെഴുത്തുപ്രതിയില്‍ വരെ ഹിന്ദു ദൈവങ്ങളുടെ പടങ്ങളുണ്ടെന്നും അന്നില്ലാത്ത പ്രശ്‌നമാണ് ഇപ്പോള്‍ ചിലര്‍ക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മൗനം അവലംബിക്കുന്നത് പ്രീണന രാഷ്ട്രീയം കളിക്കാനാണെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
“ഭാരതത്തിന്റെ അടിസ്ഥാന തത്വമായ സനാതന ധര്‍മ്മത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങളാണ് ഐഎന്‍ഡിഐഎ ഐക്യത്തില്‍ നിന്ന് ഉയരുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ത്ഥ കൈയ്യെഴുത്ത് പ്രതിയില്‍ ഹിന്ദു ദൈവങ്ങളായ ശ്രീകൃഷ്ണനും, ശ്രീ രാമനും, ഹനുമാനുമൊക്കെയുണ്ട്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കൂടാതെ ബി ആര്‍ അംബേദ്കര്‍, രാജേന്ദ്ര പ്രസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവര്‍ ഇന്ത്യന്‍ ഭരണഘടനയുടെ അവസാന പേജില്‍ ഒപ്പു വച്ചിട്ടുമുണ്ട്. ഗാന്ധി കുടുംബത്തിന് ഇനിയെന്തെങ്കിലും പറയാനുണ്ടോ?”, അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഐഎന്‍ഡിഐഎ സഖ്യത്തിലെ ചില നേതാക്കള്‍ സനാതന ധര്‍മ്മത്തെ വളരെയധികം അവഹേളിക്കുകും അപമാനിക്കുകയും ചെയ്തിട്ടും കോണ്‍ഗ്രസ് നോതാക്കളായ സോണിയയും രാഹുലും മൗനം ആചരിക്കുകയാണ്. പ്രീണന രാഷ്ട്രീയം കളിക്കുന്നതിനായി ഈ രാജ്യത്തെ ഹിന്ദുക്കളെ ആക്ഷേപിക്കുകയാണ് അവരെന്നും മുന്‍ കേന്ദ്രമന്ത്രി ആരോപിച്ചു.
തമിഴ്‌നാട് ഡിഎംകെ നേതാക്കള്‍ നിരന്തരമായി സനാതന ധര്‍മ്മത്തെ അവഹേളിച്ച് പ്രസ്താവനകള്‍ ഇറക്കുന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അടങ്ങിയ പ്രതിപക്ഷ ഐക്യത്തിനെതിരെ മറുപടിയുമായി ബിജെപി നേതാവ് രംഗത്തെത്തിയത്. ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ത്ഥ കൈയ്യെഴുത്ത് പ്രതിയുമായാണ് അദ്ദേഹം മാദ്ധ്യങ്ങളെ കണ്ടത്. ഹിന്ദു ദൈവങ്ങളെ കൂടാതെ വിവേകാനന്ദന്റെയും റാണി ലക്ഷമി ഭായിയുടെയും ചിത്രങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് അദ്ദേഹം എടുത്ത് കാട്ടി. “നോക്കൂ സോണിയാജീ, ഭരണഘടനയില്‍ ഔറംഗസേബിന്റെയും ബാബറിന്റെയും ചിത്രങ്ങളല്ല ഉള്ളത്”, ഭരണഘടനയിലെ ചിത്രങ്ങള്‍ കാട്ടി അദ്ദേഹം കോണ്‍ഗ്രസിനെ പരിഹസിച്ചു.
ഇന്ത്യന്‍ ഭരണഘടനയുടെ നിരവധി പേജുകളില്‍ ഇന്ത്യയുടെ സമ്പന്നവും ചരിത്രപരവുമായ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളാണ് ഉള്ളത്. ലങ്കയിലെ വിജയത്തിന് ശേഷം അയോധ്യയിലേക്ക് മടങ്ങുന്ന ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും പ്രതിനിധീകരിക്കുന്ന ഒരു ദൃശ്യം ഭരണഘടനാ നിര്‍മ്മാതാക്കള്‍ മൗലികാവകാശങ്ങള്‍ പരാമര്‍ശിച്ച പേജിന് മുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഡയറക്ടീവ് പ്രിന്‍സിപ്പള്‍സ് എഴുതിയിരിക്കുന്ന പേജില്‍ കുരുക്ഷേത്രയില്‍ വച്ച് കൃഷ്ണന്‍ അര്‍ജ്ജുനന് നല്‍കുന്ന ഗീതോപദേശത്തിന്റെ ചിത്രവും ഉണ്ട്. ഇതിന് പുറമെ ഹനുമാന്റെയും നടരാജന്റെയും ചിത്രങ്ങളും ഇന്ത്യന്‍ ഭരണഘടനയിലുണെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post