കൊച്ചി: ആലുവയിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പാറശ്ശാല ചെങ്കൽ സ്വദേശി ക്രിസ്റ്റിൽ രാജ് ആണ് അറസ്റ്റിലായത്. ഇയാൾ കൊടുംക്രിമിനലെന്നാണ് പോലീസ് പറയുന്നത്. ഓട്ടേറെ മോഷണ കേസിലും വയോധികയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. പകൽ മുഴുവൻ വീട്ടിൽ കഴിഞ്ഞുകൂടുന്ന ഇയാൾ രാത്രി മാത്രമാണ് പുറത്തിറങ്ങാറുള്ളത്.
ഇയാൾ മൃഗങ്ങളെ പോലും വെറുതെ വിടാറില്ല. ഒരുപാട് മൃഗങ്ങളെ ഉപദ്രവിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. കുട്ടിക്കാലം മുതൽ മോഷണ കേസുകളിൽ പ്രതിയാണ്. നിരവധി ഫോണുകളാണ് ഇയാളുടെ മുറിയിൽ നിന്ന് കണ്ടെത്തിയത്. വീട്ടുകാരോടും നാട്ടുകാരോടും അടുപ്പം കാണിക്കാത്ത ഇയാൾ ലഹരിക്ക് അടിമയാണ്.
ഇന്ന് വൈകീട്ട് ആലുവയിലെ ബാറിന് സമീപത്ത് നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പിടികൂടുന്നതിനിടെ ഇയാൾ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് വളരെ സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.
Discussion about this post