ന്യൂഡൽഹി : ഹിന്ദുവാണ് എന്നതിൽ താൻ വളരെയധികം അഭിമാനിക്കുന്നവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ രാജ്യത്തെത്തിയതിന് ശേഷം മാദ്ധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അടുത്ത കുറച്ച് ദിവസങ്ങളിൽ തനിക്ക് വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്ഷർധാം ക്ഷേത്രത്തിൽ ഭാര്യയോടൊപ്പം സന്ദർശനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
” ഹിന്ദുവായതിൽ ഞാൻ അഭിമാനിക്കുന്നു. അങ്ങനെയാണ് മാതാപിതാക്കൾ എന്നെ വളർത്തിയത്. അടുത്ത കുറച്ച് ദിവസം ക്ഷേത്ര സന്ദർശനം നടത്താനാകും. ഞങ്ങൾ രക്ഷാബന്ധൻ ഇപ്പോഴാണ് ആഘോഷിച്ചത്. സഹോദരിമാർ കെട്ടിത്തന്ന രാഖിയെല്ലാം കൈയ്യിലുണ്ട്. എന്നാൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കാൻ സാധിച്ചില്ല. ക്ഷേത്ര സന്ദർശനം നടത്തുന്നതിലൂടെ അത് നികത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു” സുനക് പറഞ്ഞു.
വിശ്വാസത്തിന് തന്റെ ജീവിതത്തിൽ ഒരു സുപ്രധാന സ്ഥാനമുണ്ടെന്നും അത് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”വിശ്വാസം എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ജീവിതത്തെ വിശ്വാസമുള്ള എല്ലാവരേയും സഹായിക്കുന്ന ഒന്നാണ് അത് എന്ന് ഞാൻ കരുതുന്നു, പ്രത്യേകിച്ചും എന്നെപ്പോലെ തിരക്കിട്ട ജോലികളിൽ ഏർപ്പെടുന്നവർക്ക്. നിങ്ങൾക്ക് സഹിഷ്ണുതയ്ക്കും ശക്തി പകരുന്നതിനും വിശ്വാസം പ്രധാനമാണ്” സുനക് കൂട്ടിച്ചേർത്തു.
Discussion about this post