ന്യൂഡല്‍ഹി : ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി ശിവന്‍കുട്ടിയുടെ ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി രംഗത്ത് വന്നത്. പി എം പോഷന്‍ പദ്ധതിയുടെ ഭാഗമായി 2021-22 വര്‍ഷത്തെ കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു നേരത്തേ കൈമാറിയിരുന്നു. കേന്ദ്രം നല്‍കിയ തുകയും സംസ്ഥാന വിഹിതവും പദ്ധതി നടപ്പിലാക്കുന്ന അക്കൗണ്ടിലേക്ക് കേരള സര്‍ക്കാര്‍ കൈമാറിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനയച്ച ഇമെയില്‍ അടക്കം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പുറത്ത് വിട്ടു.
കേന്ദ്രം അനുവദിച്ച പണം സംസ്ഥാന സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും പൊതു വിദ്യാഭ്യസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് മാറ്റുകയാണ് വേണ്ടത്. അതിനോടൊപ്പം ഒപ്പം 76.78 കോടി രൂപയുടെ സംസ്ഥാന വിഹിതവും ചേര്‍ക്കണം. കേരളത്തിന് അര്‍ഹമായ 2021-22 വര്‍ഷത്തെ കുടിശ്ശികയില്‍ കേന്ദ്രവിഹിതമായ 132.90 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ ഇതില്‍ വീഴ്ച വരുത്തിയതായും, ഈ നോഡല്‍ അക്കൗണ്ടിലേക്ക് മാറ്റാത്തതിനാല്‍ ഈ വര്‍ഷത്തെ തുക നല്‍കാനാകില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഓഗസ്റ്റ് എട്ടാം തീയതി തന്നെ സംസ്ഥാന സര്‍ക്കാരിനെ രേഖാ മൂലം അറിയിച്ചതാണെന്നും കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
ഉച്ച ഭക്ഷണ പദ്ധതിയ്ക്കായുള്ള മൊത്ത തുക നോഡല്‍ അക്കൗണ്ടിലേക്ക് മാറ്റിയില്ല എന്നത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. 2021-22 വര്‍ഷത്തെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള ചെലവ് കേന്ദ്രത്തില്‍ നിന്നുള്ള തുക ലഭിക്കുന്നതിന് മുന്‍പേ തന്നെ സംസ്ഥാന ഖജനാവില്‍ നിന്ന് എടുത്ത് സംസ്ഥാന സര്‍ക്കാര്‍ ചിലവാക്കിയിരുന്നതായും അതിനാല്‍ നോഡല്‍ അക്കൗണ്ടിലേക്ക് തുക കൈമാറേണ്ട കാര്യമില്ലെന്നുമാണ് മന്ത്രിയുടെ വാദം. അതേ സമയം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ധനവിനിയോഗം നിരീക്ഷിക്കാന്‍ വേണ്ടി കേന്ദ്ര ധനകാര്യ മന്ത്രാലയം തയ്യാറാക്കിയ പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റമെന്ന പോര്‍ട്ടലില്‍ 2021-22 വര്‍ഷത്തില്‍ ഉച്ചഭക്ഷണത്തിനു ചെലവഴിച്ച തുകയുടെ കണക്ക് കേരളം ഇന്നേ വരെ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഈ അധ്യയന വര്‍ഷത്തിലേക്കുള്ള തുക സംസ്ഥാന സര്‍ക്കാരിന് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ വിശദികരണം. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്. ചട്ടങ്ങള്‍ പ്രകാരം, പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും ( അരി) നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍, പദ്ധതിയില്‍ പി.എഫ്.എം.എസ് (പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം) നിര്‍ബന്ധമാക്കിയ 2021-22 വര്‍ഷം മുതല്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കേന്ദ്ര വിഹിതം അനുവദിക്കുന്നതില്‍ വലിയ കാലതാമസമാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തുന്നതെന്നുമായിരുന്നു മന്ത്രിയുടെ വാദങ്ങള്‍.
Discussion about this post