ബംഗളൂരു : ട്രാഫിക് കുരുക്കിൽ പെട്ടുനിൽക്കുന്ന നീണ്ട വാഹനങ്ങളുടെ നിര, അതിന് മുന്നിലേക്ക് ഒരു ഹെലികോപ്റ്റർ ലാന്റ് ചെയ്താൽ എന്തായിരിക്കും അവസ്ഥ. സാധാരണയായി ഹെലികോപ്റ്ററിന് ലാന്റ് ചെയ്യാൻ റോഡിൽ നിന്ന് മാറി വിശാലമായ ഗ്രൗണ്ടിലോ മറ്റോ സ്ഥലം ഒരുക്കാറുണ്ട്. എന്നാൽ ഇന്ന് ഹെലികോപ്റ്റർ ഇറങ്ങിയത് റോഡിലാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. നീലയും ഓഫ് വൈറ്റും ഗ്രേയും കലർന്ന ഒരു ഹെലികോപ്റ്റർ റോഡിന് കുറുകെ നിർത്തിയിട്ടിരിക്കുന്നത് കാണാം. ഇരുചക്ര വാഹനങ്ങളിലെത്തിയവർ ഹെലികോപ്റ്ററിനെ അമ്പരപ്പോടെ നോക്കി നിൽക്കുന്നു. ബംഗളൂരുവിലെ ഒരു റോഡാണിതെന്ന് ചിത്രത്തിന്റെ ക്യാപ്ഷനിൽ പറയുന്നുണ്ട്.
എന്തായാലും ചിത്രം വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇതുകൊണ്ടാണ് പൈലറ്റുമാർക്കും ഡ്രൈവിംഗ് ടെസ്റ്റ് നിർബന്ധമാക്കണമെന്ന് പറയുന്നത് എന്ന് ചിലർ പ്രതികരിച്ചു. ഹെലികോപ്റ്റർ ഡിവിഷനിൽ നിന്ന് ഫളൈറ്റ് ടെസ്റ്റ് സെന്ററിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണിതെന്ന് ചിലർ കുറിച്ചു. ഹെലികോപ്റ്റർ നടുറോഡിൽ വെച്ച് പഞ്ചറായെന്ന് തോന്നുന്നു എന്ന രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്.
Discussion about this post