തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയ്ക്ക് മുൻപിൽ ഹാജരാകുമെന്ന് മുൻ മന്ത്രി എ.സി മൊയ്തീൻ. ഇനിയും ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്ന് പറയും. അതുകൊണ്ട് എന്ത് തിരക്കുണ്ടെങ്കിലും അതൊക്കെ മാറ്റിവച്ച് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും മെയ്തീൻ പറഞ്ഞു.
മൂന്നാം തവണ നോട്ടീസ് നൽകിയതിന് ശേഷമാണ് മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കില്ല. സി.പി.എം കൗൺസിലർ അനൂപ് ഡേവിസ് കാടയും, വടക്കാഞ്ചേരി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷനും നാളെ ഹാജരാകും. പലിശക്കാരൻ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിൻറെ പേരിലാണ് ചോദ്യം ചെയ്യൽ.
എ.സി മൊയ്തീന്റെ നിർദ്ദേശ പ്രകാരമാണ് ബിനാമികൾക്ക് ബാങ്കിൽ നിന്നും പണം നൽകിയത് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതേ തുടർന്നാണ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത്. രണ്ട് തവണ വിളിപ്പിച്ചപ്പോഴും ഓരോരോ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞു മാറുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ നികുതി അടച്ച രേഖകൾ ഹാജരാക്കാൻ മൊയ്തീന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവ ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറിയത്. നിയമസഭാ സമ്മേളനം ഉള്ളതിനാലുള്ള അസൗകര്യവും ചൂണ്ടിക്കാട്ടിയിരുന്നു.












