ന്യൂഡൽഹി: ഭൂചലനത്തിൽ വിറങ്ങലിച്ച മൊറോക്കോയ്ക്ക് ആശ്വാസമായി ഇന്ത്യ. ആഘാതത്തിൽ നിന്നും കരകയറാൻ എന്ത് സഹായം വേണമെങ്കിലും നൽകാൻ തയ്യാറാമെന്ന് ഇന്ത്യ അറിയിച്ചു. ഭൂകമ്പത്തിൽ രണ്ടായിരത്തിലധികം പേരാണ് മൊറോക്കോയിൽ മരിച്ചത്.
മൊറോക്കോയിലെ ഇന്ത്യൻ എംബസിയാണ് സഹായം നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയത്. ഇക്കാര്യം അധികൃതരെയും അറിയിച്ചിട്ടുണ്ട്. വിഷമഘട്ടത്തിൽ മൊറോക്കോയ്‌ക്കൊപ്പം നിൽക്കാൻ ഇന്ത്യ തയ്യാറാണെന്ന് എംബസി പങ്കുവച്ച അനുശോചന കുറിപ്പിൽ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ എന്ത് സഹായം നൽകാനും തയ്യാറാണ്. ദുരന്തബാധിതരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും എംബസി വ്യക്തമാക്കി. അതേസമയം ഭൂചലനത്തിൽ ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമാകുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും എംബസി അറിയിച്ചു.
ഭൂചലനത്തിന് പിന്നാലെ സംഭവത്തിൽ പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തിയിരുന്നു. മൊറോക്കോയിലുണ്ടായ ഭൂചലനത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ വാർത്ത അതീവ ദു:ഖമുണ്ടാക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആദരാഞ്ജലികൾ. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ വേളയിൽ മൊറോക്കോയ്ക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിരുന്നു.
Discussion about this post