കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിർണായകമായ സൂപ്പർ 4 മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബൗൾ ചെയ്യാനുള്ള പാകിസ്താന്റെ തീരുമാനത്തിന് മേൽ അധീശത്വം സ്ഥാപിച്ച ഇന്ത്യൻ ഓപ്പണർമാർ കളം നിറഞ്ഞാടി. എന്നാൽ, മികച്ച സ്കോറിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിന് മേൽ ആശങ്ക വിതച്ച് മഴ പെയ്തിറങ്ങി.
മഴ മൂലം കളി നിർത്തി വെക്കുമ്പോൾ 24.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 147 റൺസെടുത്തിട്ടുണ്ട്. 17 റൺസുമായി കെ എൽ രാഹുലും 8 റൺസുമായി വിരാട് കോഹ്ലിയുമാണ് ക്രീസിൽ.
ആക്രമണോത്സുക ബാറ്റിംഗ് പുറത്തെടുത്ത യുവതാരം ശുഭ്മാൻ ഗില്ലിനൊപ്പം ക്യാപ്ടൻ രോഹിത് ശർമ്മ കൂടി ചേർന്നതോടെ, പാകിസ്താന്റെ പേസ് ആക്രമണ നിര നനഞ്ഞ പടക്കങ്ങളായി. 49 പന്തിൽ 6 ഫോറുകളും 4 സിക്സറുകളും ഉൾപ്പെടെ 56 റൺസെടുത്ത രോഹിത് ശർമ്മയെ ശദബ് ഖാന്റെ പന്തിൽ ഫഹീം അഷ്രഫ് പിടിച്ച് പുറത്താക്കുകയായിരുന്നു. ശദബിനെ രോഹിത് തൂക്കിയ പടുകൂറ്റൻ സിക്സറുകൾ സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
52 പന്തിൽ 10 ബൗണ്ടറികളുടെ അകമ്പടിയോടെ 58 റൺസെടുത്ത ശുഭ്മാൻ ഗില്ലും പാക് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ഷഹീൻ അഫ്രീദിയുടെ പന്തിൽ ആഗാ ഖാൻ പിടിച്ചാണ് ഗിൽ പുറത്തായത്. ഷഹീൻ അഫ്രീദിയെയും ശദബ് ഖാനെയും തിരഞ്ഞു പിടിച്ച് ശിക്ഷിച്ച ഇന്ത്യൻ താരങ്ങൾ ഇരുവരും എറിഞ്ഞ 11.1 ഓവറുകളിൽ നിന്നും 82 റൺസ് അടിച്ചു കൂട്ടി.








