തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായുള്ള ലൈംഗിക ആരോപണ കേസിൽ ഉണ്ടായിരിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നൽകുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഉമ്മൻചാണ്ടിക്കെതിരായി ഗൂഢാലോചന നടത്തിയ ഗണേഷ് കുമാറിനെതിരെ സിബിഐ അന്വേഷണം വേണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
“വലിയ വേദനയാണ് ഉമ്മൻചാണ്ടി അനുഭവിച്ചത്. നോവേറ്റ വേദനയോടെയാണ് അദ്ദേഹം പോയതും. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തലുകൾ കൊണ്ട് അദ്ദേഹത്തിന്റെ ആത്മാവിനെങ്കിലും ശാന്തി ലഭിക്കട്ടെ. ഗൂഢാലോചനയെ കുറിച്ച് ഗവൺമെന്റ് അന്വേഷിക്കണം. ആര് അന്വേഷിക്കണം എന്നുള്ള കാര്യം അന്തസ്സ് ഉണ്ടെങ്കിൽ ഗവൺമെന്റ് തീരുമാനിക്കട്ടെ” – കെ സുധാകരൻ വ്യക്തമാക്കി.
ഗണേഷ് കുമാറാണ് ഗൂഢാലോചന നടത്തിയതെങ്കിൽ ഗണേഷ് കുമാറിനെ വെളിച്ചത്തു കൊണ്ടുവരണം. അതിന്റെ പരിഹാര നടപടിയും ഉണ്ടാക്കണം. ജനമനസ്സുകൾക്കകത്ത് ഉമ്മൻചാണ്ടിയുടെ സ്ഥാനവും മഹാത്മ്യവും കൂടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോഴുള്ളത്. ഈ സമയത്ത് ഈ ഗൂഢാലോചനയുടെ രഹസ്യം പുറത്തുവരുന്നത് ജനങ്ങൾക്ക് ബോധ്യപ്പെടാനായി ഗണേഷ് കുമാറിനെതിരെ സിബിഐ അന്വേഷണം തന്നെ നടത്തണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
Discussion about this post