ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിലെത്തിയത് വലിയ വാർത്തയായിരുന്നു. ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് ദേശീയ നേതാക്കൾ അദ്ദേഹത്തെ വരവേറ്റത്. അക്ഷർധാം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ അദ്ദേഹം ദർശനം നടത്തിയ ചിത്രങ്ങളും ലോകശ്രദ്ധ പിടിച്ചുപറ്റി. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ചിലർ പറയുമ്പോൾ, ലോകശക്തികളിൽ ഒന്നായ ബ്രിട്ടന്റെ തലവൻ തന്നെ സനാതന ധർമ്മത്തെ മുറുകെ പിടിക്കുന്ന കാഴ്ച ലോകരാജ്യങ്ങളെ അമ്പരപ്പിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് പ്രേം ശൈലേഷ് എന്നയാൾ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മുൻ ബ്രിട്ടൺ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെക്കുറിച്ചുള്ളതാണ് കുറിപ്പ്. ചർച്ചിലിന്റെ ഹിന്ദു വിരുദ്ധതയെക്കുറിച്ചും അയാൾ ഹിന്ദുക്കളെ മുഴുവനായ ഉന്മൂലനം ചെയ്യാൻ ആവശ്യപ്പെട്ടതിനെക്കുറിച്ചും ബംഗാളിൽ കൊടും വരൾച്ച ആസൂത്രണം ചെയ്ത് ഭക്ഷ്യ സഹായം നൽകാതെ ആളുകളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതിനെക്കുറിച്ചും കുറിപ്പിലുണ്ട്. ചർച്ചിലിന് ഹിന്ദുക്കളോട് ഉണ്ടായിരുന്ന വെറുപ്പിനുള്ള മറുപടിയാണ് ഇന്ന് അതേ പദവി അലങ്കരിക്കുന്ന സനാതനിയായ ഋഷി സുനക് നൽകുന്നത് എന്നാണ് കുറിപ്പിൽ പറയുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-
ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിന് ഹിന്ദുക്കളെ വെറുപ്പായിരുന്നു. ഹിന്ദുക്കളെ മുഴുവൻ ഉന്മൂലനം ചെയ്യണം എന്ന പക്ഷക്കാരനായിരുന്നു അയാൾ. 1945 ഫെബ്രുവരി 23 ലെ ഡൗണിങ് സ്ട്രീറ്റിലെ സായാഹ്നത്തിൽ അത്താഴ വിരുന്നിൽ പങ്കെടുത്ത് കൊണ്ടിരിക്കെ ബ്രിട്ടന്റെ ബോംബർ കമാൻഡ് തലവനായ ആർതർ ഹാരിസിനോട് ചർച്ചിൽ, ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ ആവശ്യപ്പെട്ടത് അദ്ദേഹം തന്റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഹിന്ദുക്കൾ അറപ്പുളവാക്കുന്ന വംശമാണ്…അവർ അർഹിക്കുന്ന നാശത്തിൽ നിന്ന് അവരെ തടയുന്നത് തഴച്ച് കിടക്കുന്ന അവരുടെ ജനസംഖ്യയാണ്…’ ഹാരിസിനോട് അധികം വരുന്ന ബോംബർ ഉപയോഗിച്ച് ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനും ചർച്ചിൽ ആഗ്രഹം പ്രകടിപ്പിച്ചു.
‘ഇന്ത്യക്കാരെയും ഇന്ത്യക്കാരുടെ മതത്തെയും ഞാൻ വെറുക്കുന്നു’ എന്ന് പരസ്യമായി പ്രഖ്യാപിച്ച ഭരണാധികാരിയാണ് ചർച്ചിൽ. അമർത്യ സെന്നിന്റെ അഭിപ്രായ പ്രകാരം 1943 ലെ ബംഗാളിലെ ലക്ഷങ്ങളെ കൊന്ന കൊടുംവരൾച്ച ചർച്ചിൽ ആസൂത്രണം ചെയ്തതാണ്. ഭക്ഷ്യ സഹായം നൽകാതെ അയാൾ അന്ന് ബംഗാളിലെ ഭാരതീയരെ മരിക്കാൻ വിടുകയായിരുന്നു. കടുത്ത ഹിന്ദു വിരുദ്ധനും, നാസികളോട് അനുതാപവും പുലർത്തിയിരുന്ന ബേവർലി നിക്കോൾസിന്റെ പുസ്തകമായ verdict on india യിൽ ”ഹൈന്ദവ കല, സംഗീതം എന്നിവ ദുർഗ്രഹവും, അറപ്പുളവാക്കുന്നതുമാണ് ‘എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്…ഈ പുസ്തകം ചർച്ചിൽ അയാളുടെ ഭാര്യയ്ക്ക് അയച്ചു നൽകിയതിന് ശേഷം ‘ഹിന്ദുക്കളുടെ യഥാർത്ഥ മുഖം ഇതിൽ കാണാം, അതുകൊണ്ട് തന്നെ നീ ഇത് വായിക്കണം” എന്ന് എഴുതുന്നുണ്ട്.
ചർച്ചിൽ മാത്രമായിരുന്നില്ല ബ്രിട്ടനിലെ ഹിന്ദു വിരുദ്ധൻ…അസംഖ്യം ഹിന്ദു വിരുദ്ധർ സനാതന ധർമ്മത്തെ തകർക്കാൻ ശ്രമിച്ചിരുന്നു. ചർച്ചിലിനെ അവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്, ഇവിടെ ചർച്ചിലിനെ തന്നെ എടുത്ത് പറയുന്നത്, അയാൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്നത് കൊണ്ടും, അയാൾ ഹിന്ദുക്കളെ കൊല്ലാൻ സൈനിക സഹായം വരെ ആവശ്യപ്പെട്ടിരുന്നു എന്നതുമാണ്.
എന്തായാലും ചർച്ചിൽ ജീവിച്ചിരിക്കെ തന്നെ ഭാരതം സ്വതന്ത്രമായി…’ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത് പോലെയായിരിക്കും ഹിന്ദുക്കൾ രാജ്യം ഭരിക്കുക ‘ എന്ന് അയാൾ ധരിച്ചിടത്ത് നിന്നും അയാളുടെ കൺമുന്നിൽ കൂടി നമുക്ക് നന്നായി ഭരിക്കാൻ കഴിയും എന്ന് തെളിയിച്ചു. ബ്രിട്ടനെ പിന്തളളി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി നാം വളർന്നു… ബ്രിട്ടനേക്കാൾ സൈനിക ശക്തിയും, ബ്രിട്ടനില്ലാത്ത ആണവ ശക്തിയും നമ്മുക്കുണ്ട്. ബ്ലാദനിലെ സെന്റ് മാർട്ടിൻ പള്ളിയിൽ ചർച്ചിലിന്റെ കുഴിമാടം ഉണ്ട്….നായക്കും ഇന്ത്യക്കാരനും പ്രവേശനം ഇല്ലാ എന്ന് എഴുതി വെച്ച് ഭരിച്ച ചർച്ചിലിന്റെ രാജ്യം ഇന്ന് ഭരിക്കുന്നത് ഹിന്ദുവായ ഋഷി സുനക് ആണ്.
ഹിന്ദു വിരുദ്ധനായ ചർച്ചിലിന്റെ രാജ്യത്താണ് അയാൾ വർഷങ്ങൾക്ക് മുൻപ് അലങ്കരിച്ചിരുന്ന അതേ പ്രധാനമന്ത്രി പദവിയിൽ ഇരുന്നു കൊണ്ട് ഒരു സനാതനി ലണ്ടനിൽ ‘ ജയ് ശ്രീറാം ‘എന്ന് മുഴക്കിയത്. ‘ഹിന്ദുവായതിൽ അഭിമാനിക്കുന്നു ‘ എന്ന് ഭാരതത്തിൽ വന്ന് പ്രൗഢിയോടെ പറയുന്ന, ലണ്ടനിൽ ജയ് ശ്രീറാം മുഴക്കിയ ഋഷി സുനക് സനാതന ധർമ്മത്തിന്റെ വിശ്വവ്യാപ്തിയെ പ്രതിനിധീകരിക്കുന്നുണ്ട്. ഹിന്ദു വിരുദ്ധരോട്, സനാതന ധർമ്മത്തെ നശിപ്പിക്കും എന്ന് വീമ്പിള്ളക്കുന്നവരോട് ചർച്ചിലിന്റെ കുഴിമാടം പറയുന്നുണ്ട് ‘ഉന്നാൽ മുടിയാത് തമ്പി’.
Discussion about this post