ന്യൂഡൽഹി: 2027-28 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ഗീത ഗോപിനാഥ്. ജി 20 ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിലെത്തിയ ഗീത ഗോപിനാഥ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിലയിരുത്തൽ തുറന്നുപറഞ്ഞത്. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചൈനയുടെ സാമ്പത്തിക രംഗത്ത് മാന്ദ്യം തുടരുകയാണെന്നും ഐഎംഎഫ് മുൻ ചീഫ് ഇക്കണോമിസ്റ്റ് കൂടിയായ ഗീത ഗോപിനാഥ് പറഞ്ഞു.
ഇക്കൊല്ലം ആഗോള വളർച്ചയുടെ പതിനഞ്ച് ശതമാനം ഇന്ത്യയുടെ സംഭാവനയായിരിക്കും. വരും വർഷങ്ങളിൽ ലോകത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക സംഭാവന നൽകുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും അവർ കൂട്ടിച്ചേർത്തു.
നടപ്പുസാമ്പത്തിക വർഷം ആറ് ശതമാനത്തിന് മുകളിലാണ് ഇന്ത്യയുടെ വളർച്ച പ്രതീക്ഷിക്കുന്നത്. പൊതു നിക്ഷേപവും ഉപഭോഗച്ചെലവുമാകും അതിലേക്ക് നയിക്കുന്ന മുഖ്യ ഘടകങ്ങൾ. സാമ്പത്തിക രംഗം മെച്ചപ്പെടാൻ ഇനിയും ധാരാളം പൊളിച്ചെഴുത്തുകൾ ആവശ്യമാണെന്നും അത്തരം നടപടികൾ ഏറെ പ്രധാനപ്പെട്ടതാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു.
ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൽ ഇന്ത്യ ഏറെ മുൻപിലാണ്. ഈ മേഖലയിൽ ഇന്ത്യ എന്ത് ചെയ്യുന്നുവെന്ന് പോലും മറ്റ് രാജ്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. ക്രിപ്‌റ്റോ ആസ്തി നിയന്ത്രണം ആവശ്യമാണെന്നും ജി 20 ഉച്ചകോടിയുടെ വലിയ നേട്ടങ്ങളിലൊന്ന് അതാണെന്നും ഗീതാ ഗോപിനാഥ് സൂചിപ്പിച്ചു.
മുൻനിര സാമ്പത്തിക ശക്തികളായ രാജ്യങ്ങളിലെ നാണയപ്പെരുപ്പവും റഷ്യ -യുക്രെയ്ൻ യുദ്ധവും കാലാവസ്ഥാ വ്യതിയാനം മൂലം സാമ്പത്തിക രംഗത്തുണ്ടായ തിരിച്ചടികളും ഐഎംഎഫിന് മുൻപിലുളള പ്രധാന വെല്ലുവിളികളാണെന്നും ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടി. നാണയപ്പെരുപ്പം കുറഞ്ഞുവരുന്നത് പ്രതീക്ഷ നൽകുന്നുണ്ട്. റഷ്യ- യുക്രെയ്ൻ യുദ്ധം ഊർജ്ജ രംഗത്തും ഭക്ഷണ വിലയിലും വലിയ പ്രതിഫലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ഗീത ഗോപിനാഥ് പറഞ്ഞു.
Discussion about this post