ശ്രീനഗർ: ജമ്മു കശ്മീരിലെ ബരാമുള്ളയിൽ മൂന്ന് ലഷ്‌കർ ഇ ത്വയ്ബ ഭീകരർ അറസ്റ്റിൽ. പുസാംഗ് സ്വദേശികളായ ലത്തീഫ് അഹമ്മദ് ദാർ, ഷൗക്കത്ത് അഹമ്മദ്, ഇസ്രത് റസൂൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും പിടിച്ചെടുത്തു.
അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഇവരുടെ ഭീകരവാദ പ്രവർത്തനങ്ങൾ സംബന്ധിച്ച് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടെ ആയിരുന്നു ഇവരെ പിടികൂടിയത്. രാത്രി പട്രോളിംഗിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് ഗ്രനേഡുകൾ, 30 എകെ 47 വെടിയുണ്ടകൾ, ,രാജ്യവിരുദ്ധ രേഖകൾ എന്നിവയാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
മൂന്ന് ഭീകരരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ക്രീരി മേഖല കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചുവരുന്നത് എന്ന് പോലീസ് പറഞ്ഞു. പ്രേദേശത്തെ യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഇവരാണ്. ഇതിനോടകം തന്നെ നാല് യുവാക്കളെ ഇവർ ഭീകര സംഘടനയുടെ ഭാഗമാക്കി. ഇതിന് പുറമേ അതിർത്തി കടന്ന് എത്തുന്ന ഭീകരർക്ക് ഇവർ സഹായം നൽകാറുണ്ട്. കൊടും ഭീകരരായ ഉമർ ലോൺ, എഫ് ടി ഉസ്മാൻ എന്നിവരുമായും ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഭീകരർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുഎപിഎ, ആയുധ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post