കൊളംബോ: കനത്ത മഴയെ തുടർന്ന് റിസർവ് ദിനത്തിലേക്ക് മാറ്റി വെച്ച ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്താൻ സൂപ്പർ 4 പോരാട്ടത്തിന് ഇന്നും മഴ ഭീഷണി. ഇന്ന് 3.00 മണിക്കാണ് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ മത്സരം പുനരാരംഭിക്കുന്നത്. എന്നാൽ കൊളംബോയിൽ ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാകിസ്താനെതിരെ ഇന്ത്യ 24.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുത്ത് നിൽക്കെ എത്തിയ മഴ മത്സരം തടസപ്പെടുത്തുകയായിരുന്നു. ഇടയ്ക്ക് മഴ അൽപ്പമൊന്ന് ശമിച്ചപ്പോൾ മത്സരം പുനരാരംഭിക്കാനുള്ള സാദ്ധ്യതകൾ അമ്പയർമാർ ആരാഞ്ഞിരുന്നുവെങ്കിലും ഗ്രൗണ്ട് ഉണക്കാനുള്ള സ്റ്റാഫിന്റെ പരിശ്രമങ്ങൾക്കിടെ 8.30ന്റെ അവസാന ഗ്രൗണ്ട് പരിശോധന നടക്കവെ വീണ്ടും മഴ തകർത്ത് പെയ്തു. ഇതോടെ കളി റിസർവ് ദിനമായ ഇന്ന് നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഇന്നും മഴ മൂലം 50 ഓവർ കളി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ സാദ്ധ്യതകൾ ഇങ്ങനെയാണ്. ക്രിക്കറ്റ് നിയമ പ്രകാരം ഒരു ഏകദിന മത്സരം ഔദ്യോഗികമായി പൂർത്തീകരിക്കപ്പെടണമെങ്കിൽ ഇരു ടീമുകളും ചുരുങ്ങിയത് 20 ഓവർ വരെ എങ്കിലും ബാറ്റ് ചെയ്തിരിക്കണം. അതിൽ താഴെ എത്ര ഓവറിൽ കളി അവസാനിച്ചാലും പോയിന്റ് പങ്കുവെക്കപ്പെടും.
24.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ നിൽക്കുന്ന ഇന്ത്യക്ക് ഇന്ന് മഴ മൂലം ഒരു പന്ത് പോലും ബാറ്റ് ചെയ്യാൻ സാധിക്കാതെ വന്നാൽ പാകിസ്താന്റെ ലക്ഷ്യം ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരം 20 ഓവറിൽ 181 റൺസായി നിശ്ചയിക്കും. ഈ സമവാക്യ പ്രകാരവും മത്സരം പൂർത്തിയാക്കാൻ സാധിക്കാതെ വന്നാൽ, പോയിന്റ് പങ്കുവെക്കൽ അല്ലാതെ മറ്റ് മാർഗമില്ലാതെ വരും.
Discussion about this post