ന്യൂഡൽഹി: ശൂന്യാകാശത്തും ചന്ദ്രനിലും ചൊവ്വയിലും സൗരമണ്ഡലത്തിലും തനത് മുദ്ര പതിപ്പിച്ച ഭാരതം സമുദ്രാന്തർ ഗവേഷണത്തിലേക്ക് തിരിയുന്നു. സമുദ്രാന്തർ ഭാഗത്ത് 6,000 മീറ്റർ ആഴത്തിൽ മനുഷ്യരെ അയക്കുന്ന പദ്ധതിയായ സമുദ്രയാൻ യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുകയാണ് രാജ്യം. സമുദ്രത്തിന്റെ ആഴങ്ങളിലെ അമൂല്യ ലോഹങ്ങൾ, കൊബാൾട്ട്, നിക്കൽ, മാംഗനീസ് തുടങ്ങിയ ധാതുക്കൾ എന്നിവയെ കുറിച്ച് പഠിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അന്തർവാഹിനിയായ മത്സ്യ-6000ലാണ് ഗവേഷകർ സമുദ്രം ഒളിപ്പിച്ചു വെച്ചിരിക്കുന്ന നിഗൂഢ രഹസ്യങ്ങൾ തേടി യാത്രയാകുന്നത്. മൂന്ന് ഗവേഷകരെയാകും ഇന്ത്യ മത്സ്യയിൽ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് അയക്കുക. ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ മത്സ്യ അന്തർവാഹിനിയുടെ ആദ്യ സമുദ്രാന്തര പരീക്ഷണങ്ങൾ 2024ന്റെ ആദ്യ പാദത്തിൽ ബംഗാൾ ഉൾക്കടലിൽ ആരംഭിക്കും.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് മത്സ്യ-6000 അന്തർവാഹിനി നിർമ്മിക്കുന്നത്. 2026ലായിരിക്കും ദൗത്യം ലക്ഷ്യത്തിലെത്തുക. നിലവിൽ അമേരിക്ക, റഷ്യ, ജപ്പാൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് സമുദ്രാന്ത്രർ ഗവേഷണത്തിന് മനുഷ്യനെ അന്തർവാഹിനികളിൽ അയച്ചിരിക്കുന്നത്. ദൗത്യം വിജയമായാൽ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ രാജ്യമാകും ഇന്ത്യ.
96 മണിക്കൂർ നേരത്തേക്ക് ഓക്സിജൻ വിതരണം സുഗമമായി നടക്കുന്ന തരത്തിലാണ് മത്സ്യ-6000 നിർമ്മിക്കുന്നത്. 12 മുതൽ 16 മണിക്കൂർ വരെ ഒരേ നിലയിൽ പ്രവർത്തിക്കാൻ ഇതിന് കഴിയുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു.
Discussion about this post