എറണാകുളം: മാസങ്ങളോളം വീട്ടിൽ മദ്യപിച്ചിരുന്നിട്ടുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ലഹരി ഉപയോഗത്തെക്കുറിച്ചുള്ള നടന്റെ തുറന്നു പറച്ചിൽ. ജീവിതം കൈവിട്ട് പോകുമെന്ന ഘട്ടമെത്തിയപ്പോൾ പതുക്കെ ലഹരി ഉപയോഗം നിർത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാലത്ത് താൻ ലഹരിയ്ക്ക് അടിമയായിരുന്നു. താൻ തന്നെ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമയിലെ നായകന്റെ ജീവിതവും തന്റേതും തമ്മിൽ സമാനതകളുണ്ട്. മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. വിവാഹത്തിന്റെ തലേദിവസം രാത്രി ഒൻപത് വരെ മദ്യപിച്ചു. കണ്ണൂരിലാണ് വിവാഹം. അവിടേയ്ക്ക് പോകാൻ പോലും താൻ തയ്യാറായിരുന്നില്ല. മന്ത്രിമാർ ഉൾപ്പെടെ തന്റെ വിവാഹത്തിന് എത്തിയിരുന്നു. ഇത്രയും യൂസ്‌ലെസ് ആയ തന്റെ കല്യാണത്തിന് എന്തിന് എല്ലാവരും വന്നു എന്ന് പോലും ചിന്തിച്ചിരുന്നു.
സദ്യയ്ക്ക് നോൺവെജ് ഇല്ലെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കി. ആരൊക്കെയോ നിർബന്ധിച്ചതിനെ തുടർന്നാണ് ഭക്ഷണം കഴിച്ചത്. വിവാഹ വണ്ടി അലങ്കരിച്ച പൂക്കൾ എടുത്തു മാറ്റാൻ ആവശ്യപ്പെട്ട് പ്രശ്‌നമുണ്ടാക്കി. ആ കാറിൽ എറണാകുളത്തേക്ക് വന്നു. അന്ന് രാത്രിയും മദ്യപിച്ചു. ചീട്ടു കളിച്ചു. അതായിരുന്നു തന്റെ കല്യാണണെന്നും ധ്യാൻ പറഞ്ഞു.
താൻ നശിച്ചു പോകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. അച്ഛൻ വീട്ടിൽ നിന്നും ഇറക്കിവിട്ടു. അന്ന് അച്ഛനെ ചീത്തവിളിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ബോധം വന്നപ്പോഴാണ് വീട്ടിൽ നിന്നും ഇറങ്ങിവന്ന കാര്യം പോലും ഓർമ്മ വന്നത്. 2018 മുതൽ സിന്തറ്റിക് ലഹരി ഉപയോഗിച്ച് തുടങ്ങി. കോളോജ് കാലഘട്ടത്തിൽ നിർത്തിയതായിരുന്നു ഇത്. സിന്തറ്റിക് ലഹരിയുടെ ഉപയോഗിക്കാൻ തുടങ്ങിയതോടെ അച്ഛനുമായി കൂടുതൽ പ്രശ്‌നങ്ങൾ ആരംഭിച്ചു. എന്നാൽ കുഞ്ഞ് ജീവിതത്തിലേക്ക് കടന്ന് വന്നതോടെ കാര്യങ്ങൾ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












