ബെയ്ജിംഗ് : ചൈനയുടെ പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെ കാണാനില്ലെന്ന് അഭ്യൂഹം. രണ്ടാഴ്ചയായി അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ബെയ്ജിംഗിൽ നടന്ന മൂന്നാമത് ചൈന-ആഫ്രിക്ക പീസ് ആൻഡ് സെക്യൂരിറ്റി ഫോറത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ ശേഷം ചൈനീസ് പ്രതിരോധ മന്ത്രിയെ പരസ്യമായി എവിടെയും കണ്ടിട്ടില്ല.
ലീ ഷാങ്ഫു പൊതുസമൂഹത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നത് ചൈനയ്ക്ക് പുറത്ത് ഊഹാപോഹങ്ങൾക്കാണ് കാരണമായിട്ടുള്ളത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ അടുത്ത വിശ്വസ്തനായിരുന്ന ക്വിൻ ഗാംഗിനെ ഏതാനും ആഴ്ചകൾക്ക് മുൻപ് പുറത്താക്കിയിരുന്നു. തുടർന്ന് ക്വിൻ ഗാംഗ് വഹിച്ചിരുന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല ഇപ്പോൾ കാണാതായെന്ന് പരാതി ഉയരുന്ന ലീ ഷാങ്ഫുവിന് നൽകിയിരുന്നു.
ലീ ഷാങ്ഫു വിദേശകാര്യ മന്ത്രി ആയതിനു ശേഷം ചൈനയുടെ ആണവ, ബാലിസ്റ്റിക് മിസൈലുകളുടെയും ആയുധശേഖരത്തിന്റെയും മേൽനോട്ടം വഹിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്സിന്റെ ചുമതലയുള്ള കമാൻഡർമാരായ ലി യുചാവോ, ഷു സോങ്ബോ എന്നിവരെ നീക്കം ചെയ്തിരുന്നു. ക്വിൻ ഗാംഗിനെ പുറത്താക്കിയതിനു ശേഷം അദ്ദേഹത്തോട് കൂറ് പുലർത്തിയിരുന്ന പല ഉദ്യോഗസ്ഥരെയും ചൈന നീക്കം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം അഞ്ച് വർഷം മുമ്പ് നടത്തിയ ഹാർഡ്‌വെയർ സംഭരണവുമായി ബന്ധപ്പെട്ട അഴിമതി കേസുകളുടെ അന്വേഷണത്തിനിടെയാണ് ഷാങ്ഫുവിന്റെ തിരോധാനം എന്നുള്ളതും ശ്രദ്ധേയമാണ്.
Discussion about this post