ന്യൂഡൽഹി: ശത്രുരാജ്യത്ത് വലിയ ആക്രമണങ്ങൾ നടത്താൻ ശേഷിയുള്ള തദ്ദേശീയ ഡ്രോണുകൾ ഇന്ത്യ സ്വന്തമാക്കിയതായി സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. ജമ്മുകശ്മീരിൽ നടന്ന നോർത്ത് ടെക് സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസിനെപ്പോലെ അതിർത്തിക്കപ്പുറമുള്ള ഭീകര ക്യാമ്പുകൾ ആക്രമിക്കാൻ ഇന്ത്യ എപ്പോഴെങ്കിലും ഡ്രോണുകൾ ഉപയോഗിക്കുമോ എന്ന ചോദ്യത്തിനാണ് ഇന്ത്യ അത്യാധുനിക ഡ്രോണുകൾ സ്വന്തമാക്കിയ വിവരം അദ്ദേഹം വെളിപ്പെടുത്തിയത്.
പ്രതിരോധ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ തദ്ദേശീയമായി നിർമ്മിച്ച ഡ്രോണാണ് തപസ്. ഇതിന്റെ പരീക്ഷണ പറക്കലുകൾ കഴിഞ്ഞ മാസങ്ങളിൽ നടത്തിയിരുന്നു.
റുസ്തം-II എന്നറിയപ്പെട്ടിരുന്ന യുഎവിയ്ക്ക് പകരമാണ് ‘ടാക്റ്റിക്കൽ എയർബോൺ പ്ലാറ്റ്ഫോം ഫോർ എരിയൽ സർവൈലൻസ്-ബിയോണ്ട് ഹൊറൈസൺ-201’ അഥവാ തപസ്-ബി.എച്ച് 201 ആയി അവതരിപ്പിച്ചിട്ടുള്ളത്. ഈ കൊല്ലം ബെംഗളൂരുവിൽ നടന്ന വ്യോമപ്രദർശനത്തിലാണ് തപസ് ആദ്യമായി പ്രദർശിപ്പിച്ചത്. കര, വ്യോമ, നാവിക സേനകൾക്ക് പ്രയോജനപ്രദമാകുന്ന വിധത്തിലാണ് തപസ് രൂപകൽപന ചെയ്തിരിക്കുന്നത്.
Discussion about this post