ന്യൂഡൽഹി: രാജ്യത്ത് നടന്ന ജി20 ഉച്ചകോടിയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്നും ഗാന്ധി കുടുംബത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മോദി സർക്കാർ ജി20 വിജയമാക്കിയതെന്നാണ് റോബർട്ട് വാദ്രയുടെ വാദം. ” ജി20 ഉച്ചകോടിക്ക് എത്തിയ എല്ലാ അതിഥികളേയും ഞാൻ അഭിനന്ദിക്കുകയാണ്. രാജ്യത്തിന് വലിയ അഭിമാന നിമിഷമാണ് ഇത്.
മുൻപ് ഇത്തരത്തിലുള്ള ആഗോള പരിപാടികൾ നടത്തുന്നതിൽ ഇന്ദിരാജി നിർണായക പങ്ക് വഹിച്ചതിനെ ഈ നിമിഷം ഞാൻ ഓർക്കുകയാണ്. രാജ്യത്തിന് അന്താരാഷ്ട്ര പിന്തുണ ലഭിക്കുന്നതിന് ഗാന്ധി കുടുംബം ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് ഇനിയും തുടരും. രാഹുൽ ഗാന്ധി ഉൾപ്പെടെ ഉള്ള നേതാക്കളിൽ ഞാൻ അഭിമാനിക്കുകയാണ്. അവർ നമ്മുടെ രാജ്യത്തിന് വേണ്ടിയാണ് ഇടപെടലുകൾ നടത്തുന്നതെന്നും” റോബർട്ട് വാദ്ര പറയുന്നു.
ജി20 ഉച്ചകോടിയെ പ്രശംസിച്ച് ശശി തരൂർ നടത്തിയ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിനും റോബർട്ട് വാദ്ര മറുപടി നൽകി. ” ഞാൻ നേരത്തെ പറഞ്ഞുവല്ലോ, മോദി സർക്കാർ ഇന്ദിരാഗാന്ധിയിൽ നിന്നും ഗാന്ധി കുടുംബത്തിൽ നിന്നും കോൺഗ്രസിൽ നിന്നുമാണ് ഇക്കാര്യങ്ങളെല്ലാം പഠിച്ചത്. ഇത് നമ്മൾ ഒരിക്കലും മറക്കരുതെന്നും” റോബർട്ട് വാദ്ര പറയുന്നു.
Discussion about this post