വാഷിംഗ്ടൺ: ജി 20 ഉച്ചകോടിയിൽ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൽ സമവായത്തിലെത്തിയതിനെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. അതിന് നേതൃത്വം നൽകിയ നരേന്ദ്രമോദിയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
സുരക്ഷിതവും ആരോഗ്യകരവുമായ ഒരു ലോകത്തെ പിന്തുണയ്ക്കാൻ ശേഷിയുളള ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ വരുമെന്ന കാര്യത്തിൽ ശുഭാപ്തി വിശ്വാസമുണ്ട്.ജി 20 അതിൽ സമവായത്തിലൂടെ മികച്ച തീരുമാനങ്ങൾ എടുത്തിരിക്കുന്നു. മോദിക്ക് അഭിനന്ദനങ്ങൾ ബിൽ ഗേറ്റ്‌സ് പറഞ്ഞു.
ശനിയാഴ്ച ജി 20 നേതാക്കൾ ‘ജി 20 ഫ്രെയിം വർക്ക് ഫോർ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ’അവതരിപ്പിച്ചിരുന്നു. സാമൂഹികതലത്തിൽ സേവനങ്ങൾ നൽകുന്നതിന് ഡി പി ഐക്ക് ഉള്ള സ്ഥാനത്തെക്കുറിച്ചും വികസനത്തിനാവശ്യമായ സൗകര്യങ്ങളെക്കുറിച്ചും അതിൽ ചർച്ച ചെയ്തു.ഇതിലൂടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ സുരക്ഷ,പ്രതിരോധം, വിശ്വാസം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു.
മനുഷ്യാവകാശങ്ങൾ,വ്യക്തിഗത ഡാറ്റ, സ്വകാര്യത,ബൗദ്ധിക സ്വത്തവകാശം എന്നിവയ്ക്ക് സുരക്ഷിതവും ഉത്തരവാദിത്തത്തോടും കൂടിയുള്ള സേവനം ഉറപ്പു വരുത്താൻ ഡി പി ഐക്ക് സാധിക്കും. ഡിജിറ്റൽ ആവാസവ്യവസ്ഥയെ പോഷിപ്പിക്കാനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ ‘നല്ലതും എല്ലാവർക്കും’ എന്ന രീതിയിൽ ഉപയോഗപ്പെടുത്താനും ഉതകുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങളും സഖ്യം നടത്തി.
കൂടാതെ ഇന്ത്യ മുന്നോട്ടു വെച്ച വൺ ഫ്യൂച്ചർ വൺ അലയൻസ് എന്ന നിർദ്ദേശത്തെയും സഖ്യം സ്വാഗതം ചെയ്തു.ഇത് വികസ്വരരാജ്യങ്ങൾക്ക് ഡി പി ഐ നടപ്പിലാക്കുന്നതിന് ആവശ്യമായ സാങ്കേതികസഹായവും ധനസഹായവും നൽകുന്നതിനെ ലക്ഷ്യമാക്കുന്നു.
Discussion about this post