മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. അദ്ദേഹം ശരിയായ സമയത്ത് ശരിയായ കാര്യങ്ങൾ ചെയ്യുന്ന നേതാവാണ്. ‘മേക്ക് ഇൻ ഇന്ത്യ‘ പോലുള്ള മോദിയുടെ ആശയങ്ങൾ അനുകരണീയമാണെന്ന് പുടിൻ പറഞ്ഞു. റഷ്യയിലെ വ്ലാഡിവോസ്ടോകിൽ എട്ടാമത് കിഴക്കൻ സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശീയ നിർമ്മിത വാഹനങ്ങളുടെ ഉപയോഗം റഷ്യയും പ്രോത്സാഹിപ്പിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇക്കാര്യത്തിൽ നേടുന്ന പുരോഗതി അനുകരണീയമാണെന്നും പുടിൻ പറഞ്ഞു.
ആദ്യകാലത്ത് റഷ്യക്ക് തദ്ദേശീയ നിർമ്മിത വാഹനങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഉണ്ട്. തൊണ്ണൂറുകളിൽ നമ്മൾ വലിയ വില കൊടുത്ത് വാങ്ങിയ മെഴ്സിഡസ്, ഓഡി കാറുകളേക്കാൾ മികച്ചവയാണ് ഇന്ന് നമ്മുടെ കാറുകൾ. ഇക്കാര്യത്തിൽ ഇന്നും നമ്മൾ നമ്മുടെ പങ്കാളിയായ ഇന്ത്യയെ മാതൃകയാക്കണം. ഇന്ത്യ ഇന്ന് തദ്ദേശീയ വാഹനങ്ങളുടെ നിർമ്മാണത്തിലും ഉപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരിയായ സമയത്ത് ശരിയായ കാര്യം ചെയ്യുന്നു. പുടിൻ പറഞ്ഞു.
ഇന്ത്യ- മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി റഷ്യയുടെ വളർച്ചയ്ക്ക് തടസം സൃഷ്ടിക്കുമെന്ന ആക്ഷേപവും പുടിൻ തള്ളിക്കളഞ്ഞു. ശരിയായ അർത്ഥത്തിൽ വിശകലനം ചെയ്താൽ പദ്ധതി റഷ്യക്ക് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








