ബീജിങ്: ഐഫോണുകൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉയർത്തുന്നുണ്ടെന്ന ആരോപണവുമായി ചൈന. ചില ഫോണുകളിൽ സുരക്ഷാ പ്രശ്‌നം ഉണ്ടെന്നും എന്നാൽ ബാൻ ചെയ്യില്ലെന്നും ഭരണകൂടം വ്യക്തമാക്കി. ആപ്പിളിന്റെ ഉത്പ്പന്നങ്ങൾ രാജ്യത്ത് നിയന്ത്രിക്കാൻ ഒരുങ്ങുകയാണ് ചൈനയെന്നാണ് വിവരം.
ആപ്പിൾ ഫോണുകളുമായി ബന്ധപ്പെട്ട സുരക്ഷാ സംഭവങ്ങളെക്കുറിച്ച് നിരവധി മാധ്യമ റിപ്പോർട്ടുകൾ വന്നതായി ഞങ്ങൾ ശ്രദ്ധിച്ചുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു.
ഐഫോണുകളുടെ ഉപയോഗം രാജ്യത്ത് പൂർണമായി നിരോധിക്കുന്നതിന് മുന്നോടിയായി അപ്രഖ്യാപിത നിരോധനം സർക്കാർ പിന്തുണയുള്ള കമ്പനികളിലേക്കും ഏജൻസികളിലേക്കും വ്യാപിപ്പിക്കാൻ ചൈന പദ്ധതിയിടുന്നു. പല ഏജൻസികളും തങ്ങളുടെ ഐഫോണുകൾ ജോലിക്ക് കൊണ്ടുവരരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകി തുടങ്ങിയിട്ടുണ്ട്.
ആപ്പിൾ ഫോണുകൾ ഇന്ത്യയിൽ കൂടുതലായി നിർമ്മിക്കാൻ തുടങ്ങിയതിന് ശേഷമാണ് ചൈന ആപ്പിൾ കമ്പനിയോട് ഈ അകൽച്ച കാണിക്കുന്നത്. ആപ്പിളിന്റെ ഉത്പ്പന്നങ്ങൾ നിർമ്മിക്കാൻ ഇന്ത്യയെ തിരഞ്ഞെടുത്തത് ചൈനയ്ക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു. ഇന്ന് ആപ്പിൾ ഐഫോൺ 15 പ്രോ മാക്‌സ് വിപണിയിലെത്തിയിരുന്നു.
നിരവധി പ്രത്യേകതകൾ അവകാശപ്പെടുന്ന ഫോണാണിത്. ഇന്ത്യയിൽ നിർമ്മിച്ച ആപ്പിൾ ഐഫോൺ എന്ന പ്രത്യേകതയും ഇവയ്ക്ക് സ്വന്തമാണ്. ഐഫോൺ 15 പ്രോ മാക്‌സിന് 159900 രൂപയാണ് ഇന്ത്യയിലെ വില. ഐഫോൺ 15 ലോഞ്ച് ചെയ്യുന്ന ദിവസം തന്നെ ഇന്ത്യയിൽ നിർമ്മിച്ച ഡിവൈസുകളും ആപ്പിൾ കമ്പനി വിൽപ്പനയ്ക്കെത്തിച്ചിട്ടുണ്ട്. ഈ വാർത്തകൾക്ക് പിന്നാലെയാണ് ചൈന ഐഫോണിനോട് അകൽച്ച കാണിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
Discussion about this post