ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനക്ക് കരുത്ത് പകരാൻ പുതിയ സി-295 വിമാനം എത്തുന്നു. എയർബസിന്റെ പുതിയ വിമാനം സ്പെയിനിൽ ഇന്ത്യൻ വ്യോമസേന അധികൃതർ ഏറ്റുവാങ്ങി. 56 വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേന ഓർഡർ നൽകിയിരിക്കുന്നത്. 1960-കളുടെ തുടക്കത്തിൽ സർവീസ് ആരംഭിച്ച പഴക്കംചെന്ന Avro-748 വിമാനങ്ങൾക്ക് പകരമായാണ് സി-295 വിമാനങ്ങൾ ഓർഡർ ചെയ്തിരിക്കുന്നത്.
സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസിൽ നിന്നാണ് ആദ്യത്തെ C-295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് ഇന്ത്യൻ വ്യോമസേന സ്വീകരിച്ചത്. സ്‌പെയിനിലെ സെവില്ലിൽ നടന്ന കൈമാറൽ ചടങ്ങിൽ എയർ ചീഫ് മാർഷൽ വിആർ ചൗധരി പുതിയ വിമാനം ഏറ്റുവാങ്ങി. IAF ഓർഡർ ചെയ്ത 56 C-295 വിമാനങ്ങളിൽ ആദ്യത്തേതാണ് ഈ വിമാനം. 16 വിമാനങ്ങൾ ആയിരിക്കും പൂർണ്ണമായി തയ്യാറായ രീതിയിൽ എയർബസ് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറുക. ബാക്കിയുള്ളവ ഗുജറാത്തിലെ വഡോദരയിലെ ടാറ്റ ഫെസിലിറ്റിയിൽ ഇന്ത്യ സ്വന്തമായി അസംബിൾ ചെയ്യുന്നതായിരിക്കും.
രണ്ടു വർഷങ്ങൾക്കു മുമ്പാണ് ഈ പുതിയ വിമാനങ്ങൾക്കായി എയർബസുമായി പ്രതിരോധ മന്ത്രാലയം കരാറിൽ ഒപ്പിടുന്നത്. പ്രതിരോധ നിർമാണ മേഖലയിൽ സ്വാശ്രയത്വം വർധിപ്പിക്കുന്നതിനായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും എയർബസും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 2022 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട വഡോദരയിലെ നിർമ്മാണശാലയിലാണ് ഈ വിമാനങ്ങളുടെ അടുത്തഘട്ടം നിർമ്മാണം ആരംഭിക്കുന്നത്. ഇതോടെ ഒരു സ്വകാര്യ കൺസോർഷ്യം ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ സൈനിക വിമാനമാകും സി -295.
Discussion about this post