ജീവത്തിന്റെ പ്രതീക്ഷയെല്ലാം അറ്റ് ഇനി സന്തോഷപ്രദമായ ദിനങ്ങളിലേക്ക് ഒരു തിരിച്ചുവരവുണ്ടാവില്ലെന്ന് കരുതി നാളുകൾ തള്ളിനീക്കി മരണം കാത്തിരിക്കുകായിരുന്നു കഴിഞ്ഞ വർഷം വരെ ചെന്നൈയിലെ മർലിൻ എന്ന 81 കാരി. ഒരു നേരത്തെ അന്നത്തിനായി ഭിക്ഷ യാചിക്കേണ്ട അവസ്ഥയായിരുന്നു മെർലിന്. എന്നാൽ അപ്രതീക്ഷിതമായി മെർലിന്റെ ജീവിതം മാറിമറിയുകയായിരുന്നു.
മെർലിന്റെ യൗവനകാലത്ത് അവരൊരു അദ്ധ്യാപികയായിരുന്നു. മ്യാൻമറിലെ കുട്ടികൾക്ക് ഗണിതവും ഇംഗ്ലീഷും പഠിപ്പിച്ചിരുന്ന സാധാരണ യുവതി. എന്നാൽ ഒരു ഇന്ത്യക്കാരനായുമായി പ്രണയത്തിലാവുകയും നാടും വീടും ഉപേക്ഷിച്ച് ഭർത്താവിനൊപ്പം ജീവിക്കാൻ ആരംഭിക്കുകയും ചെയ്തതോടെ മെർലിന്റെ ജീവിതമാകെ മാറി. പ്രണയകാലം അധികം നീണ്ടുനിന്നില്ല, ഭർത്താവ് മരണപ്പെട്ടതോടെ എല്ലാം താളം തെറ്റി. ഭിക്ഷ യാചിച്ച് ജീവിക്കാൻ ആരംഭിച്ചു. അങ്ങനെ സഞ്ചരിച്ച് ചെന്നൈയിലെ അഡയാറിലെത്തി.
ആ ഇടയ്ക്കാണ് മെർലിൻ ഇൻസ്റ്റഗ്രാം ഇൻഫ്‌ളൂവൻസറായ മുഹമ്മദ് ആഷിക്കിനെ കാണുന്നത്. മെർലിന്റെ ഇംഗ്ലീഷ് പരിജ്ഞാനം തിരിച്ചറിഞ്ഞ ആഷിക്ക് ഒരു പുതിയ ഇൻസ്റ്റഗ്രാം പേജ് അവരുടെ പേരിൽ തുടങ്ങി. ഇംഗ്ലീഷ് വിത്ത് മെർലിൻ എന്നായിരുന്നു പേജിന്റെ പേര്. ഇൻസ്റ്റഗ്രാം വഴി ഇംഗ്ലീഷ് പഠിപ്പിക്കുന്ന വീഡിയോ പങ്കുവച്ചതോടെ മെർലിൻ ലോകമറിയുന്ന അദ്ധ്യാപികയായി. 17 ഉം 18 ഉം ലക്ഷം ആളുകൾ വീഡിയോകൾ കണ്ടു. മെർലിനെ ഏറ്റെടുക്കാൻ തയ്യാറായി നിരവധി ആളുകൾ മുന്നോട്ടുവന്നു. എന്നാൽ തന്നെപോലുള്ളവരുടെ കൂടെ കഴിയാനാണ് ആഗ്രഹമെന്നും വൃദ്ധസദനത്തിലേക്ക് താമസം മാറ്റിയെന്നും മെർലിൻ പറയുന്നു.








