കവരത്തി: സ്‌കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും ഇറച്ചി ഒഴിവാക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് ശരിവച്ച് സുപ്രീംകോടതി. വിഷയത്തിൽ ഇടപെടാൻ ആകില്ലെന്ന് കോടതി അറിയിച്ചു. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും കോഴിയിറച്ചിയും, ആട്ടിറച്ചിയുമാണ് ഭരണകൂടം ഒഴിവാക്കിയത്.
ഇറച്ചി ഒഴിവാക്കിയത് നേരത്തെ കേരള ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇതിനെതിരെ നൽകിയ ഉത്തരവിലാണ് ഇപ്പോൾ സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇറച്ചി ഒഴിവാക്കിക്കൊണ്ടുള്ളത് സർക്കാരിന്റെ നയപരമായ തീരുമാനം ആണ്. അതിനാൽ അതിൽ ഇടപെടാൻ ആകില്ലെന്ന് ആയിരുന്നു കോടതി അറിയിച്ചത്.
മാംസ വിഭവങ്ങൾ മാത്രമാണ് ഒഴിവാക്കിയതെന്നും മത്സ്യം മുട്ട എന്നിവ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ട് കൂടിയായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌റ്റ്രേഷന്റെ തീരുമാനത്തിലും ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പ്രഫുൽ ഖോഡ പട്ടേൽ ലക്ഷ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു ഇറച്ചിയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി 2022 മെയ് മാസത്തിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ മാംസാഹാരം നൽകുന്നത് തുടരണം എന്ന് പറഞ്ഞിരുന്നു.
Discussion about this post