കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ 39 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ നിപ ബാധിതരുടെ എണ്ണം ആറായി.
ഇന്നലെ വൈകീട്ട് 30 സാമ്പിളുകൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിന്റെ ഫലം വന്നതോടെയാണ് ഒരാൾക്ക് കൂടി രോഗം ബാധിച്ചതായി വ്യക്തമായത്. നേരത്തെ രോഗം ബാധിച്ചവരുമായി ആശുപത്രിയിൽവച്ച് സമ്പർക്കത്തിൽ വന്ന വ്യക്തിയാണ് ഇയാൾ. ഇതേ തുടർന്ന് ഇയാളെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
രോഗ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നായിരുന്നു സ്രവം പരിശോധനയ്ക്കായി അയച്ചത്. ഇയാൾക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ നാല് പേരാണ് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒരാൾ ആരോഗ്യപ്രവർത്തകനാണ്. ഒൻപത് വയസ്സുള്ള കുട്ടിയൊഴിച്ച് മറ്റാർക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല. ഒൻപതുകാരന്റെ നില ഗുരുതരമായി തുടരുകയാണ്.












