ന്യൂഡൽഹി : ഇൻഡി സഖ്യത്തിന്റെ ഏകോപന സമിതിയിലേക്ക് സി പി എമ്മും ഉണ്ടായേക്കുമെന്നാണ് സൂചന. പുതിയ മുന്നണിയിലേക്ക് ഒരു അംഗത്തെ അയക്കുക എന്നതാണ് സിപിഎമ്മിന്റെ പ്രധാന അജണ്ടയെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം അറിയിച്ചു. സെപ്റ്റംബർ 16, 17 തീയ്യതികളിൽ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും.
ഈ മാസം ആദ്യം നടന്ന ഇന്ത്യൻ പാർട്ടികളുടെ രഹസ്യ യോഗത്തിൽ കേരളത്തിൽ സിപിഎം കോൺഗ്രസ് കൂട്ടുകെട്ട് ഉണ്ടാവില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പശ്ചിമബംഗാളിൽ ഇരു മുന്നണികളും സീറ്റ് പങ്കിടാൻ ധാരണ ആയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ഇരുകൂട്ടരും സംയുക്തമായി തൃണമൂൽ കോൺഗ്രസ്സിനെ നേരിടും. ബി ജെ പിയ്ക്ക് മുൻതൂക്കമുള്ള സീറ്റുകളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്സിനെ സഹായിക്കാനും ധാരണ ആയിട്ടുണ്ട്.
സഖ്യത്തിന്റെ ആദ്യ യോഗം സെപ്റ്റംബർ പതിമൂന്നിന് എൻസിപി നേതാവ് ശരദ് പവാറിന്റെ വസതിയിൽ ചേർന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടാണ് ആദ്യ യോഗം ചേർന്നത്. പതിനാല് അംഗ കോ-ഓർഡിനേഷൻ കമ്മിറ്റിയും യോഗത്തിൽ രൂപീകരിച്ചിട്ടുണ്ട്.
Discussion about this post