പറ്റ്‌ന : പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. യുപിഎ എന്ന പേര് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും ജനങ്ങള്‍ അത് മറക്കാനാണ് ഇന്‍ഡി സഖ്യമെന്ന പുതിയ പേര് സ്വീകരിച്ചതെന്നും അമിത് ഷാ പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവും ചേര്‍ന്ന സഖ്യം എണ്ണയും വെള്ളവും പോലെയാണെന്നും അവര്‍ക്ക് കൂടുതല്‍ കാലം ഒരുമിച്ച് നില്‍ക്കാനാകില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
“അവര്‍ പുതിയ പേരില്‍ ഒരു പുതിയ സഖ്യം ഉണ്ടാക്കിയിരിക്കുന്നു. യുപിഎയുടെ പേരില്‍ 12 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തി.. റെയില്‍വേ മന്ത്രിയായിരിക്കെ കോടികളുടെ അഴിമതിയാണ് ലാലു പ്രസാദ് യാദവ് നടത്തിയത്. ഇത്തരത്തില്‍ യുപിഎ എന്ന പേരില്‍ തിരിച്ചുവരാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിയാത്തതിനാലാണ് അവര്‍ പേര് മാറ്റിയത്. അതിനായി അവര്‍ക്ക് ഇന്‍ഡി സഖ്യം കൊണ്ടുവരേണ്ടിവന്നു”, അമിത് ഷാ പറഞ്ഞു. ബിഹാറിലെ മധുബാനി ജില്ലയിലെ ഝഞ്ജര്‍പൂരില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പ്രതിപക്ഷ സഖ്യത്തിലുള്ള വരെല്ലാം സ്വാര്‍ഥരാണ്. ലാലു പ്രസാദ് യാദവ് തന്റെ മകനെ മുഖ്യമന്ത്രിയാക്കാന്‍ ആഗ്രഹിക്കുന്നു. അതേസമയം, നിതീഷ് കുമാര്‍ സ്വയം പ്രധാനമന്ത്രിയാകാനും ആഗ്രഹിക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനം വീണ്ടും നരേന്ദ്രമോദിക്ക് ലഭിക്കും എന്നത് കൊണ്ട് തന്നെ ഇതൊന്നും യാഥാര്‍ഥ്യമാകാന്‍ പോകുന്നില്ല. നിതീഷ് ലാലു കൂട്ടുകെട്ട് ബീഹാറിനെ വീണ്ടും ജംഗിള്‍ രാജിലേക്ക് കൊണ്ടുപോകുകയാണ്. ന്യൂനപക്ഷ പ്രീണനത്തിലൂടെ നാടിനെ ഒറ്റു കൊടുക്കുന്ന ഇത്തരം രാജ്യ വിരുദ്ധ ശക്തികള്‍ക്ക് അവര്‍ ബീഹാറിനെ കൈമാറുകയാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാമചരിതമാനസത്തെക്കുറിച്ചുള്ള ബീഹാര്‍ ക്യാബിനറ്റ് മന്ത്രി ചന്ദ്രശേഖറിന്റെ വിവാദ പരാമര്‍ശങ്ങളെയും സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശങ്ങളെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു.”ഈ സഖ്യത്തിലെ ആളുകള്‍ രാമചരിതമനസിനെ അനാദരിക്കുന്നു. രക്ഷാബന്ധനത്തിനും ജന്മാഷ്ടമിയിലും അവധികള്‍ റദ്ദാക്കുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നു. സനാതന ധര്‍മ്മത്തെ പല രോഗങ്ങളുമായി താരതമ്യപ്പെടുത്തുന്നു. അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് പ്രീണനം മാത്രമാണ്”, അമിത് ഷാ ചൂണ്ടിക്കാട്ടി.
ബിഹാറിലെ ക്രമസമാധാന നില അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്നും അവസരവാദ സഖ്യം സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും അദ്ദേഹം ആരോപിച്ചു. മോദിജി വീണ്ടും പ്രധാനമന്ത്രിയായില്ലെങ്കില്‍, അതിര്‍ത്തി പ്രദേശം മുഴുവനും നുഴഞ്ഞുകയറ്റക്കാരെ കൊണ്ട് നിറഞ്ഞേനെയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post