ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി ഐഎഫ്എസ്, ഇനി സേവനത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചു. സേവന കാലാവധി രണ്ടാഴ്ച മാത്രം നീട്ടിയ സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് തീരുമാനം.
ഇന്ന് വരെയായിരുന്നു അദ്ദേഹത്തിന്റെ സേവന കാലാവധി. ഇതു രണ്ടാഴ്ച കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിനു ശേഷം രാജാമണിയുടെ സേവനം അവസാനിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം.
2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ സംസ്ഥാന സര്‍ക്കാരിന്റെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി ഡല്‍ഹിയില്‍ നിയമിച്ചത്. ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കിലായിരുന്നു ഒരു വര്‍ഷത്തേക്കുള്ള നിയമനം. പിന്നീട് ഒരു വര്‍ഷം കൂടി നീട്ടി നല്‍കി. വിദേശ മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക കേന്ദ്ര സര്‍ക്കാരുമായും വിവിധ എംബസികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയവയായിരുന്നു വേണു രാജാമണിയുടെ ചുമതലകള്‍.
1986 ബാച്ച് റിട്ട. ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് വേണു രാജാമണി. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരിക്കെ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 2023 ജനുവരിയില്‍ പ്രൊഫ. കെ വി തോമസിനെ കാബിനറ്റ് റാങ്കോടെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിച്ചതോടെ വേണു രാജാമണിയുടെ പദവി ഓഫിസര്‍ ഓണ്‍ സെപ്ഷല്‍ ഡ്യൂട്ടി (വിദേശ സഹകരണം) എന്നു മാറ്റിയിരുന്നു.
Discussion about this post