ബംഗളൂരു : നടനും സംവിധായകനുമായ ആർ മാധവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിന്റെ ഇൻഫ്രാസ്ട്രക്ചറിനെ പ്രശംസിച്ചുകൊണ്ടുള്ളതാണ് വീഡിയോ. പൂക്കളാൽ നിറഞ്ഞ അന്താരാഷ്ട്ര വിമാനത്താവളത്തെ എക്‌സോട്ടിക് എന്നാണ് നടൻ വിശേഷിപ്പിക്കുന്നത്.
” ഇന്ത്യയിലെ അടിസ്ഥാനസൗകര്യങ്ങൾ ഇത്രയധികം വർദ്ധിക്കുന്നു എന്നത് അവിശ്വസനീയമാണ്. ഞാൻ ഇപ്പോഴുള്ളത് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. വളരെ വിചിത്രമായ ഈ സ്ഥലം വിമാനത്താവളമാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല” മാധവൻ പറഞ്ഞു.
”വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിൽ സീലിംഗിൽ നിന്ന് ചെടികൾ തൂങ്ങിക്കിടക്കുന്നത് കാണാം. എല്ലാ ദിവസവും ഈ ചെടികൾക്ക് വെള്ളം നനയ്ക്കുന്നുണ്ട്. മുകളിലുള്ള നിർമ്മിതികളെല്ലാം മുളകൊണ്ടുള്ളതാണ്. ഇന്ത്യയുടെ സുസ്ഥിരതയ്ക്ക് പ്രാധാന്യം നൽകുന്ന പ്രമേയത്തിലാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത്. വളരെ അഭിമാനം തോന്നുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
കെംപഗൗഡ വിമാനത്താവളത്തിന്റെ സൗന്ദര്യം എടുത്തുകാണിക്കുന്ന മറ്റൊരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ ഇൻഫ്രാസ്ട്രക്ചർ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്ന ക്യാപ്ഷനോടെയാണ് മാധവൻ വീഡിയോ പങ്കുവെച്ചത്. ഇത് വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വീഡിയോയ്ക്ക് പ്രതികരിച്ചിട്ടുണ്ട്. ” ഇന്ത്യയുടെ വളർച്ചയ്ക്ക് അടുത്ത ജനറേഷൻ ഇൻഫ്രാ സ്ട്രക്ചർ” എന്ന് അദ്ദേഹം കുറിച്ചു.
Discussion about this post