ഇത്തവണത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റുകൾ നിരവധി വിവാദങ്ങളുടെ കൂടെ വേദിയായിരുന്നു. മഴമൂലം മത്സരങ്ങൾ റദ്ദാക്കിയതിലും മാറ്റിവെച്ചതിലും എല്ലാം ആരാധകർ കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഏവർക്കും സന്തോഷം നൽകുന്ന ഒരു വമ്പൻ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡണ്ടും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ.
ഏഷ്യാ കപ്പ് മത്സരങ്ങൾ മികച്ചതാക്കാനായി അക്ഷീണപ്രയത്നം നടത്തിയ തൊഴിലാളികൾക്കായി 50,000 ഡോളറിന്റെ ക്യാഷ് പ്രൈസ് നൽകുമെന്നാണ് ജയ് ഷാ പ്രഖ്യാപിച്ചത്. എക്സ് ഹാൻഡിലിലൂടെയാണ് ജയ്ഷാ ഈ വിവരം വെളിപ്പെടുത്തിയത്. ഏഷ്യാകപ്പ് മത്സരങ്ങൾക്കായി മികച്ച അധ്വാനം നടത്തിയ തൊഴിലാളികളെ അഭിനന്ദിക്കുന്നതായും അവർക്ക് നന്ദി അറിയിക്കുന്നുവെന്നും ജയ് ഷാ വ്യക്തമാക്കി.
കാൻഡിയിലും കൊളംബോയിലും നടന്ന ഏഷ്യ കപ്പ് മത്സരങ്ങളിൽ ക്യൂറേറ്റർമാരായും ഗ്രൗണ്ട് തൊഴിലാളികളായും പ്രവർത്തിച്ചവർക്കാണ് ക്യാഷ് പ്രൈസ് നൽകുന്നത്. ഈ തൊഴിലാളികളുടെ അചഞ്ചലമായ പ്രതിബദ്ധതയും കഠിനാധ്വാനവും 2023 ലെ ഏഷ്യാ കപ്പിനെ അവിസ്മരണീയമായമാക്കി മാറ്റി. പിച്ച് പെർഫെക്ഷൻ മുതൽ സമൃദ്ധമായ ഔട്ട്‌ഫീൽഡുകൾ വരെയുള്ള ക്രിക്കറ്റ് വേദി മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് അവർ ഉറപ്പാക്കിയെന്നും ജയ് ഷാ വ്യക്തമാക്കി.
Discussion about this post