ന്യൂഡൽഹി : 5400 കോടി രൂപ ചിലവിൽ നിർമിച്ച മെഗാ കൺവെൻഷൻ സെന്റർ ‘യശോഭൂമി’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സ്‌പോ സെന്ററായാണ് യശോഭൂമി പ്രവർത്തനം ആരംഭിക്കുന്നത്. കോൺഫറൻസ് ടൂറിസത്തിലേക്കുള്ള ഇന്ത്യയുടെ ചുവടുവെപ്പ് ആയാണ് ഈ പദ്ധതി കണക്കാക്കപ്പെടുന്നത്.
സിനിമാ-ടെലിവിഷൻ വ്യവസായത്തെയും ആഗോള ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെയും യശോഭൂമിയിലും ഭാരത് മണ്ഡപത്തിലും പരിപാടികൾ സംഘടിപ്പിക്കുന്നതിനായി പ്രധാനമന്ത്രി സ്വാഗതം ചെയ്തു. കോൺഫറൻസ് ടൂറിസം മേഖലയിൽ ഇന്ത്യക്ക് വലിയ സാധ്യതകൾ ഉണ്ടെന്ന് മോദി ചടങ്ങിൽ വ്യക്തമാക്കി. ഓരോ വർഷവും ലോകത്ത് 32,000-ലധികം വലിയ എക്സിബിഷനുകളും എക്‌സ്‌പോകളും സംഘടിപ്പിക്കാറുണ്ടെന്നും കോൺഫറൻസ് ടൂറിസത്തിനായി വരുന്ന ആളുകൾ സാധാരണ വിനോദസഞ്ചാരികളേക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഇത്രയും വലിയ വ്യവസായത്തിൽ ഇതുവരെ ഇന്ത്യയുടെ പങ്ക് ഏകദേശം ഒരു ശതമാനം മാത്രമായിരുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യയിലെ നിരവധി വൻകിട കമ്പനികൾ അവരുടെ പരിപാടികൾ സംഘടിപ്പിക്കാൻ എല്ലാ വർഷവും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതായിരുന്നു പതിവ്. എന്നാലിപ്പോൾ ഇന്ത്യയും കോൺഫറൻസ് ടൂറിസത്തിന് തയ്യാറായിക്കഴിഞ്ഞെന്ന് മോദി വ്യക്തമാക്കി. ഭാരത് മണ്ഡപവും യശോഭൂമി സെന്ററും ഇപ്പോൾ ഡൽഹിയെ കോൺഫറൻസ് ടൂറിസത്തിന്റെ ഏറ്റവും വലിയ കേന്ദ്രമാക്കാൻ പോകുകയാണെന്നും അതുവഴി ലക്ഷങ്ങൾക്ക് തൊഴിൽ ലഭിക്കുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
Discussion about this post