മലപ്പുറം : ബാങ്ക് ജപ്തി ചെയ്ത വീടിന്റെ വരാന്തയിൽ കഴിഞ്ഞു വന്നിരുന്ന സലീനയ്ക്ക് ഒടുവിൽ ആശ്വാസം. ബാങ്കിന്റെ ലോൺ വീട്ടാനുള്ള തുക നിലമ്പൂർ വിവേകാനന്ദ ട്രസ്റ്റ് നൽകും. മലപ്പുറം എടക്കര സ്വദേശി സലീനയാണ് ആറു വയസ്സുകാരനായ മകനുമൊത്ത് ബാങ്ക് ജപ്തി ചെയ്ത വീടിന്റെ വരാന്തയിൽ കഴിഞ്ഞു വന്നിരുന്നത്. സംഭവം വാർത്തയായതിനെ തുടർന്ന് വീടിന്റെ താക്കോൽ ബാങ്ക് അധികൃതർ യുവതിക്ക് കൈമാറി.
നിലമ്പൂരിലെ വിവേകാനന്ദ ട്രസ്റ്റ് ചെയർമാൻ ഭാസ്കരൻ പിള്ളയാണ് സലീനയുടെ കടം വീട്ടാനായി നാല് ലക്ഷം രൂപ നൽകിയത്. നിലമ്പൂർ സഹകരണ അർബൻ ബാങ്കിൽ നിന്നും വായ്പ എടുത്ത തുക തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്നാണ് ബാങ്ക് ഈ യുവതിയുടെ വീട് ജപ്തി ചെയ്തത്. പോകാനായി മറ്റൊരിടവും ഇല്ലാതിരുന്ന യുവതി ദിവസങ്ങളായി ആറു വയസ്സുള്ള മകനോടൊപ്പം ഈ വീടിന്റെ വരാന്തയിലാണ് കഴിഞ്ഞു വന്നിരുന്നത്.
മൂത്ത പെൺമക്കളുടെ വിവാഹാവശ്യത്തിന് ആയാണ് സലീന ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നത്. ലോൺ തുകയായ നാല് ലക്ഷം രൂപയും പലിശയായ രണ്ടര ലക്ഷത്തോളം രൂപയും ബാങ്കിൽ തിരികെ അടയ്ക്കാനുണ്ട്. നിലമ്പൂർ വിവേകാനന്ദ ട്രസ്റ്റ് ഇപ്പോൾ നാല് ലക്ഷം രൂപയാണ് നൽകുന്നത്. ബാക്കി തുക വൈകാതെ തന്നെ പിരിച്ചു നൽകുമെന്നും വിവേകാനന്ദ ട്രസ്റ്റ് ചെയർമാൻ അറിയിച്ചു.












