മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോൽപ്പിക്കുന്നതിനെ കുറിച്ച് മാത്രമാണ് പ്രതിപക്ഷ പാർട്ടികൾ ചിന്തിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. എന്നാൽ കാട്ടിൽ സിംഹത്തിനെതിരെ പോരാടാൻ ചെമ്മരിയാടിന് കഴിയില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സിംഹം എന്നും കാട് ഭരിക്കും. ശ്രീനഗറിൽ വെച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഷിൻഡെയുടെ പ്രതികരണം.
”പ്രതിപക്ഷത്തെ ഞാൻ കഴുകൻമാർ എന്ന് വിളിക്കില്ല. പക്ഷേ ചെമ്മരിയാടുകൾക്ക് കാട്ടിലെ സിംഹത്തിനെതിരെ പോരാടാൻ കഴിയില്ല. സിംഹം എപ്പോഴും സിംഹമാണ്, അവൻ കാട് ഭരിക്കും” ഷിൻഡെ പറഞ്ഞു.
പ്രധാനമന്ത്രിയെ തോൽപ്പിക്കുക എന്നത് മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. എന്നാൽ അതിന് വേണ്ടി അവർ പരിശ്രമിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും ഷിൻഡെ കൂട്ടിച്ചേർത്തു. ”ഞങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. തങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്ന ഒരാളെ വേണോ അതോ വെറുതെ വീട്ടിൽ ഇരിക്കുന്നവരെ വേണോ അധികാരത്തിലെത്തിക്കാൻ എന്ന് ജനങ്ങളാണ്തീരുമാനിക്കുക” എന്നു ഷിൻഡെ വ്യക്തമാക്കി.










