തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷകൾ 2024 മാർച്ച് 4 മുതൽ 25 വരെ നടക്കും. ഏപ്രിൽ 3 മുതൽ 17 വരെയാണ് മൂല്യനിർണയ ക്യാമ്പ്. ഫെബ്രുവരി 19 മുതൽ 23 വരെ എസ്എസ്എൽസി മോഡൽ പരീക്ഷ നടക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പൊതുപരീക്ഷകൾ മാർച്ച് 1 മുതൽ 26 വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബറിൽ പരീക്ഷാ വിജ്ഞാപനം നടക്കും. അതേസമയം ഈ മാസം 25ന് തുടങ്ങാനിരുന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9, 10, 11, 12, 13 തിയതികളിലാകും പരീക്ഷ നടത്തുക. കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരീക്ഷാ തിയതികൾ മാറ്റുന്നത്.
4,04,075 പേർ പരീക്ഷ എഴുതുന്നുണ്ട്. ഇതിൽ 43,476 പേർ കോഴിക്കോട് നിന്നാണ്. വിഎച്ച്എസ്ഇ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 9, 10, 11, 12, 13 തീയതികളിലാണ്. 27,633 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 2661 പേരാണ് കോഴിക്കോട് ജില്ലയിൽ നിന്നുളളത്. നിപയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുണ്ടായ അടിയന്തര സാഹചര്യത്തെ നേരിടാൻ പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ വിധത്തിലും സജ്ജമാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നൂറ് ശതമാനം വിദ്യാലയങ്ങളിലും ഇന്ന് മുതൽ ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സ്‌കൂൾ കലോത്സവം കൊല്ലം ജില്ലയിൽ ജനുവരി 4 മുതൽ 8 വരെ നടക്കും. സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 16 മുതൽ 20 വരെ നടത്താനാണ് തീരുമാനം. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം എറണാകുളം ജില്ലയിൽ വച്ച് നവംബർ 9 മുതൽ 11 വരെ നടത്തും.
Discussion about this post