മാഞ്ചസ്റ്റർ: കൗതുകകരമായ ഒരു കാഴ്ച്ചയ്ക്കാണ് കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിലെ ബുറി ടൗൺ നിവാസികൾ സാക്ഷ്യം വഹിച്ചത്. നഗരത്തിൽ കെട്ടിടത്തിൻ്റെ മേൽക്കൂരകളിൽ തമ്പടിച്ചിരിക്കുന്ന പ്രാവുകളുടെ സംഘത്തിൽ അപൂർവമായ നിറത്തോടു കൂടിയ ഒരു പ്രാവ്. മറ്റു പ്രാവുകളിൽ നിന്ന് വ്യത്യസ്തമായി പിങ്ക് നിറമാണ് അതിൻ്റേത്. സാധാരണഗതിയിൽ നിന്ന് വ്യത്യസ്തമായൊരു കാഴ്ചയായതുകൊണ്ടുതന്നെ അനേകം പേർ ഇതിനെ കാണാനെത്തുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തു. മറ്റു പ്രാവുകളുടെ കൂട്ടത്തിൽ എത്തിയ ഈ പ്രാവ് ആളുകൾ നൽകിയ ഭക്ഷണം കൊത്തിത്തിന്നുമ്പോഴാണ് അവർ ദൃശ്യങ്ങൾ പകർത്തിയത്.
പ്രാവിൻ്റെ നിറത്തെക്കുറിച്ച് പല അഭിപ്രായങ്ങളാണ് ഉയരുന്നത്. ചായം പൂശിയതായിരിക്കാമെന്ന് ചിലർ പറയുന്നു. പ്രാവിൻ്റെ ദേഹത്ത് മറ്റെന്തെങ്കിലും വീണതുകൊണ്ട് പിങ്ക് നിറം വന്നതാണോ എന്നും ചിലർ സംശയിക്കുന്നു. എന്നാൽ അത് പ്രാവിൻ്റെ യഥാർത്ഥ നിറം തന്നെ എന്നാണ് ഭൂരിപക്ഷത്തിൻ്റെയും അഭിപ്രായം. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ മാഞ്ചസ്റ്റർ പൊലീസും ഈ അപൂർവ്വമായ കാഴ്ച കണ്ടതായി പോസ്റ്റ് ചെയ്തു. കാൽനടപട്രോളിംഗിനിടയിലാണ് ചില ഉദ്യോഗസ്ഥർ ഇത് കണ്ടതെന്ന് പറയുന്നു. പിങ്ക് നിറത്തിലുള്ള പ്രാവിനെ കണ്ടപ്പോൾ തൻ്റെ മനസ്സിൻ്റെ തോന്നലായിരിക്കുമെന്നാണ് കെല്ലി ലുന്നി ആദ്യം കരുതിയത്. ഫോട്ടോയെടുത്ത ശേഷം അവർ അമ്മയെ കാണിച്ചു.തൻ്റെ ജീവിതത്തിൽ ഇന്നു വരെയും ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടില്ലെന്ന് അമ്മയും പറഞ്ഞു.കൂടുതൽ ആളുകൾ പിന്നീട് അതിനെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവെച്ചു. വംശനാശം വന്നുപോയ ഒരിനം പ്രാവുകളിൽ അവശേഷിക്കുന്ന ഒരെണ്ണം ആകാം ഇതെന്നും ചിലർ പറയുന്നു.
ഫെബ്രുവരിയിൽ ന്യൂയോർക്ക് സിറ്റിയിൽ നിന്ന് പിങ്ക് നിറത്തിലുള്ള ഒരു പ്രാവിനെ ലഭിച്ചിരുന്നു. എന്നാൽ അതിനെ ചായം പൂശിയതാണെന്ന് കണ്ടെത്തി. കുഞ്ഞുങ്ങൾ ജനിക്കുന്നതിനു മുൻപ് ലിംഗം വെളിപ്പെടുത്തുന്ന ചടങ്ങിൽ പ്രാവിനു പിങ്ക് നിറം നൽകി പറത്തുകയായിരുന്നു. പാശ്ചാത്യരാജ്യങ്ങളിൽ സാധാരണയായി കണ്ടു വരുന്ന ഈ ചടങ്ങിന് കേക്ക് മുറിക്കൽ,ബലൂൺ പൊട്ടിക്കൽ തുടങ്ങിയ കാര്യങ്ങളാണു ചെയ്യാറുള്ളത്. അവശനിലയിൽ കണ്ടെത്തിയ ഈ പക്ഷിയെ പിന്നീട് വൈൽഡ് ബേർഡ് ഹണ്ട് ഏറ്റെടുക്കുകയായിരുന്നു.









Discussion about this post