നടി കീർത്തി സുരേഷ് ഉടൻ വിവാഹിതയാകും എന്ന തരത്തിലുള്ള നിരവധി വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നത്. സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറുമായി കീർത്തി പ്രണയത്തിലാണെന്നും ഇവരുടെ വിവാഹം ഉടൻ തന്നെ ഉണ്ടാകും എന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. കീർത്തിയും അനിരുദ്ധും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വളരെയേറെ പങ്കുവയ്ക്കപ്പെട്ടു.
കീർത്തി സുരേഷ് അഭിനയിച്ച റെമോ, താനാ സേർന്ത കൂട്ടം എന്നീ ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവഹിച്ചത് അനിരുദ്ധ് രവിചന്ദറായിരുന്നു. കൂടാതെ കഴിഞ്ഞദിവസം അനിരുദ്ധ് സംഗീതസംവിധാനം നിർവഹിച്ച ഷാരൂഖ് ഖാൻ ചിത്രം ജവാനിലെ ഒരു പാട്ടിന് തീർച്ചയായും നൃത്തം ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ജവാന്റെ സംവിധായകൻ അറ്റ്ലീയുടെ ഭാര്യക്കൊപ്പം ആയിരുന്നു കീർത്തിയുടെ നൃത്തം. ഇതെല്ലാം കീർത്തി അനിരുദ്ധുമായി പ്രണയത്തിലാണോ എന്ന സംശയം വ്യാപിപ്പിക്കാൻ ഇടയാക്കി.
എന്നാൽ ഇതെല്ലാം ആരോ പടച്ചുണ്ടാക്കിയ വെറും കിംവദന്തികൾ മാത്രമാണെന്ന് കഴിഞ്ഞദിവസം കീർത്തിയുടെ അച്ഛനും നടനും നിർമ്മാതാവുമായ സുരേഷ് കുമാർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ കീർത്തി സുരേഷ് തന്നെ ഇക്കാര്യത്തിൽ വ്യക്തതയുമായി രംഗത്തെത്തിയിരിക്കുകയാണ്. താൻ വിവാഹം കഴിക്കും എന്നുള്ള കാര്യം സത്യമാണെന്ന് കീർത്തി അറിയിച്ചു. എന്നാൽ അനിരുദ്ധ് തന്റെ സുഹൃത്ത് മാത്രമാണെന്നും കീർത്തി സുരേഷ് വ്യക്തമാക്കി. കീർത്തിയുടെ ഈ വെളിപ്പെടുത്തലോടെ അഭ്യുഹങ്ങൾക്ക് തൽക്കാലം വിരാമമായിരിക്കുകയാണ്.
Discussion about this post