ന്യൂഡൽഹി: വനിതകൾക്ക് പാർലമെന്ററി രംഗത്ത് തുല്യ പ്രാധാന്യം ഉറപ്പാക്കുന്ന നിർണായക ചുവടുവെയ്പുമായി കേന്ദ്രസർക്കാർ. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ് അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ആദ്യ പടിയായി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ചൊവ്വാഴ്ച പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്ന് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് സമ്മേളനം മാറ്റും. ഇതിന് പിന്നാലെയാകും ബിൽ പാർലമെന്റിന്റെ മേശപ്പുറത്ത് വെയ്ക്കുക. ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സീറ്റുകൾ വനിതകൾക്ക് മാറ്റിവെയ്ക്കാൻ ലക്ഷ്യം വെച്ചുളള ബില്ലാണിത്.
വനിതാ സംവരണ ബില്ലിന്റെ അവതരണം ആഘോഷമാക്കാനുളള ഒരുക്കത്തിലാണ് സർക്കാർ. പ്രധാനമന്ത്രി ഡൽഹിയിലോ രാജസ്ഥാനിലോ അടുത്ത ദിവസങ്ങളിൽ വനിതകളുടെ കൂറ്റൻ റാലിയെ അഭിസംബോധന ചെയ്യുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വനിതാ സംവരണം എന്ന ആവശ്യം യാഥാർത്ഥ്യമാക്കാനുളള ധൈര്യം മോദി സർക്കാരിന് മാത്രമേയുളളൂവെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ ട്വിറ്ററിൽ പ്രതികരിച്ചു. സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
രാവിലെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ പ്രധാനമന്ത്രി ലോക്‌സഭയിൽ അഭിസംബോധന ചെയ്തിരുന്നു. സഭയുടെ അന്തസ്സ് വർദ്ധിപ്പിക്കാൻ സഹായിച്ച വനിതാ പാർലമെന്റേറിയൻമാരുടെ സംഭാവനകൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഏകദേശം 600 വനിതാ പ്രതിനിധികളുള്ള ഇരുസഭകളിലുമായി 7500-ലധികം ജനപ്രതിനിധികൾ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post