അബുദാബി: ബഹിരാകാശ സുല്‍ത്താന് തലസ്ഥാന നഗരിയില്‍ വന്‍ സ്വീകരണമൊരുക്കി യുഎഇ. അറബ് ലോകത്തിന്റെ സ്വപ്നം ബഹിരാകാശത്ത് സാക്ഷാത്കരിച്ച സുല്‍ത്താന്‍ അല്‍ നെയാദി ജന്മ നാട്ടില്‍ തിരിച്ചെത്തി. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം തങ്ങിയ, ഏഴു മണിക്കൂര്‍ ബഹിരാകാശത്ത് നടന്ന ആദ്യ അറബ് ബഹിരാകാശസഞ്ചാരി എന്നീ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. രാജ്യത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയര്‍ത്തിയ അല്‍ നെയാദിയുടെ തിരിച്ചുവരവ് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലും ആഘോശമാക്കി മാറ്റുകയായിരുന്നു രാജ്യവും ജനങ്ങളും.
പ്രത്യേക വിമാനത്തില്‍ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ എയില്‍ 4.58ന് ഇറങ്ങിയ സുല്‍ത്താന്‍ അല്‍ നെയാദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും മുതിര്‍ന്ന ഷെയ്ഖുമാരും ഉന്നത ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ദേശീയ പതാക വീശിയും ഹര്‍ഷാരവം മുഴക്കിയുമാണ് ജനങ്ങള്‍ സുല്‍ത്താനെ വരവേറ്റത്.
അദ്ദേഹത്തെ കാണാന്‍ നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്ക് സ്വീകരണത്തിന്റെ തല്‍സമയ സംപ്രേഷണവും ഭരണകൂടം ഒരുക്കിയിരുന്നു. വൈകിട്ട് 5ന് തുടങ്ങിയ ആഘോഷ പരിപാടികള്‍ രാത്രി വൈകിയും തുടര്‍ന്നു. പരമ്പരാഗത വാദ്യഘോഷങ്ങളുട അകമ്പടിയോടെയാണ് ആഘോഷ പരിപാടികള്‍ നടന്നത്. സുല്‍ത്താനെ സ്വാഗതം ചെയ്തുള്ള ബോര്‍ഡുകള്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ സ്ഥാപിച്ചു. കൂടാതെ സുല്‍ത്താന്‍ അല്‍ നെയാദിയുടെ ബഹിരാകാശ ദൗത്യത്തിന്റെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളും ഉള്‍പ്പെടുത്തി യുഎഇയിലെ വിവിധ സ്‌കൂളുകളില്‍ പ്രദര്‍ശനവും ഒരുക്കിയിരുന്നു.
6 മാസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഈ മാസം 4ന് ഹൂസ്റ്റണ്‍ തീരത്താണ് സുല്‍ത്താന്‍ തിരിച്ചിറങ്ങിയത്. അതിന് ശേഷം ആദ്യമായാണ് അദ്ദേഹം സ്വന്തം രാജ്യത്തേക്ക് എത്തുന്നത്. ബഹിരാകാശത്തുനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 10,000ലേറെ ആളുകളുമായി സംവദിച്ച സുല്‍ത്താന്‍ ബാക്കി വിശേഷങ്ങള്‍ ജനങ്ങളുമായി നേരിട്ടു പങ്കുവയ്ക്കാനുള്ള ആവേശത്തിലാണെന്നും പറഞ്ഞു.
ബഹിരാകാശത്തും ഭൂമിയിലും തിരിച്ചെത്തിയപ്പോഴും നേരിടേണ്ടിവന്ന വെല്ലുവിളികളെ പറ്റി അദ്ദേഹം വിവരിച്ചു. ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി ശരീരവും മനസ്സും പൊരുത്തപ്പെടാനായി 2 ആഴ്ച ഹൂസ്റ്റണിലെ നാസ കേന്ദ്രത്തില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം യുഎഇയില്‍ എത്തിയത്. രാജ്യത്തിന്റെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്‌നേഹവിരുന്നിലും മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഔദ്യോഗിക സ്വീകരണ പരിപാടികളിവും അദ്ദേഹം പങ്കെടുക്കും. പിന്നീട് തുടര്‍പരീക്ഷണങ്ങള്‍ക്കായി നെയാദി വീണ്ടും നാസയുടെ ഗവേഷണ കേന്ദ്രത്തിലേക്കു മടങ്ങുമെന്നും അറിയിച്ചു. നേരത്തെ ബഹിരാകാശത്തുവച്ച് ഡല്‍ഹിയുടെ ചിത്രം പകര്‍ത്തി സുല്‍ത്താന്‍ അല്‍ നെയാദി ഇന്ത്യക്കാര്‍ക്ക് ആശംസ നേര്‍ന്ന് പോസ്റ്റ് ചെയ്തിരുന്നത് വൈറലായിരുന്നു.
Discussion about this post