തിരുവനന്തപുരം: നിപയുടെ ഭീഷണി പൂർണമായി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം തരംഗത്തിന് സാദ്ധ്യത കുറവാണെങ്കിലും പൂർണമായും തള്ളിക്കളയാൻ കഴിയില്ല. കൂടുതൽ പേർക്ക് രോഗം പകർന്നിട്ടില്ല എന്നത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൂടുതൽ പേർക്ക് രോഗം പകർന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. വ്യാപനം തടയുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും ഫലപ്രദമായ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നു. സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രതയോടെ നിപ വ്യാപനത്തിനെതിരായ ഉദ്യമത്തിൽ പങ്കാളികളായിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് വ്യാപനം തടയാനായി ശാസ്ത്രീയ മുൻകരുതൽ സ്വീകരിച്ചത്. തുടക്കത്തിൽ രോഗം കണ്ടെത്തിയതിനാൽ വ്യാപനം ഒഴിവാക്കാൻ കഴിഞ്ഞു. നിപ പ്രതിരോധത്തിനായി കർമ്മ പദ്ദതി തയ്യാറാക്കി. കോർ കമ്മിറ്റി രൂപീകരിച്ചു. കൺട്രോൾ റൂം സംവിധാനം ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസിയു വെന്റിലേറ്ററും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കി. ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ട് എത്തിയായിരുന്നു ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
1286 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടത്. 276 പേർ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുന്നു. ഇതിൽ 122 പേർ രോഗികളുടെ കുടുംബാംഗങ്ങളും മറ്റ് ബന്ധുക്കളുമാണ്. 118 ആരോഗ്യപ്രവർത്തകരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. രോഗികളുമായി സമ്പർക്കത്തിൽ വന്ന 994 പേർ നിരീക്ഷണത്തിലാണ്. 304 പേരുടെ സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 267 പേരുടെ പരിശോധനാ ഫലം പുറത്തുവന്നു. ആറ് പേരുടെ പോസിറ്റീവ് ആയി. കോഴിക്കോട് മെഡിക്കൽ കോളേജിൽ 9 പേർ നിരീക്ഷണത്തിലാണ്. നിപ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി എല്ലാ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പോലീസിന്റെ പ്രത്യേക ശ്രദ്ധ ഉറപ്പാക്കുന്നുണ്ട്. രോഗ നിർണയത്തിനായി മൈക്രോ ബയോളജി ലാബിലും ഇൻസ്റ്റിറ്റൂട്ട് ഓഫ് അഡ്വാൻസ്ഡ് ബയോളജി ലാബിലും പരിശോധന നടത്തുന്നുണ്ട്. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വർദ്ധിക്കും. പ്രാഥമിക, ദ്വിദീയ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് സൈക്കോ സപ്പോർട്ടിംഗ് ടീമിന്റെ പ്രവർത്തനങ്ങൾ. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കും.
2018 ൽ കോഴിക്കോടും 2019 ൽ എറണാകുളത്തും 2021 ൽ കോഴിക്കോടും രോഗബാധ ഉണ്ടായി. സംസ്ഥാനത്ത് നിപ രോഗനിർണയത്തിനായി ലാബുകൾ ഉണ്ട്. 2021 സെപ്തംബർ മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്ജീകരിച്ച ലാബിൽ നിപ നിർണയ പരിശോധന നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി.
വവ്വാലുകളിൽ നിന്നും വൈറസ് ബാധയുണ്ടാകാതിരിക്കാൻ ബോധവത്കരണം നടത്തുന്നുണ്ട്. നിപ പ്രതിരോധത്തിനായി ജാഗ്രതയോടെ സർക്കാർ പ്രവർത്തിക്കുന്നു. മാദ്ധ്യമങ്ങളുടെ ജാഗ്രതയെ പ്രത്യേകം അഭിനന്ദിക്കുന്നു. എന്നാൽ തെറ്റിദ്ധരിപ്പിക്കുന്നതും ഭീതി പരത്തുന്നതുമായ വാർത്ത പ്രചരിപ്പിക്കാതിരിക്കാൻ മാദ്ധ്യമ പ്രവർത്തകർ ശ്രദ്ധിക്കണം. അതിപ്രഹര ശേഷിയുള്ള വൈറസ് ആണ് നിപ. അതിനാൽ ഫീൽഡിൽ പോയി വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കണം.
രണ്ടാം തരംഗത്തിന് സാദ്ധ്യത കുറവാണ് എങ്കിലും അതിനുള്ള സാഹചര്യം പൂർണമായി തള്ളിക്കളയാൻ കഴിയില്ല. 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെങ്കിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല. ആദ്യ കേസിന്റെ റൂട്ട് മാപ്പ് പരിശോധിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളിലെ വവ്വാലുകളുടെ സാമ്പിളുകൾ പരിശോധിക്കും. കോഴിക്കോട് തന്നെ തുടരെ രോഗവ്യാപനം ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്താൻ സീറോ സർവ്വയലൻസ് പഠനം നടത്തും. ഇതിൽ പ്രപ്പോസൽ തയ്യാറാക്കാൻ ആരോഗ്യവകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്. വവ്വാലിനെ പിടികൂടാതെ സാമ്പിൾ ശേഖരണം നടത്തും. കണ്ടെയ്ൻമെന്റ് സോണിലെ ഇളവുകളെക്കുറിച്ച് 22 ന് ശേഷം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post