ചന്ദ്രയാന്‍ നാലാം ദൗത്യം വെെകാതെയുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍. സര്‍ക്കാര്‍ അനുമതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. 2028 ല്‍ ചന്ദ്രയാന്‍ 4 വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2027 ല്‍ നടക്കാനിരിക്കുന്ന മനുഷ്യരെ വഹിച്ചുള്ള ഗഗന്‍യാന്‍ ദൗത്യമാണ് ഐഎസ്ആര്‍ഒയുടെ ഇനിയുള്ള ഏറ്റവും പ്രധാന ദൗത്യം. എന്നാല്‍ അതിന് മുമ്പായി ഈ സാമ്പത്തിക വര്‍ഷം തന്നെ ഏഴ് വിക്ഷേപണ ദൗത്യങ്ങള്‍ കൂടിയുണ്ടെന്ന് ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു.
പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ പിഎസ്എൽവിയുടെ വിക്ഷേപണം ഒരു നാഴികക്കല്ലായിരിക്കും. ചന്ദ്ര സാമ്പിൾ-റിട്ടേൺ ദൗത്യമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ചന്ദ്രയാൻ-4 ദൗത്യത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും ഇത് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും സങ്കീർണമായ ചാന്ദ്ര ദൗത്യമായിരിക്കുമെന്നും ഇസ്റോ മേധാവി പറഞ്ഞു.
“ചന്ദ്രയാൻ-4 2028ൽ ഞങ്ങൾ ലക്ഷ്യമിടുന്നു. മറ്റൊരു പ്രധാന ദൗത്യം ജാക്‌സയുമായി (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) സംയുക്ത ചാന്ദ്ര ധ്രുവ പര്യവേക്ഷണ പരിപാടിയായ ലുപെക്‌സ് ആണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബഹിരാകാശ പേടക ഉത്‌പാദനം മൂന്നിരട്ടിയാക്കാൻ ഐഎസ്‌ആർഒ ഒരേസമയം പ്രവർത്തിക്കുന്നു. ചന്ദ്രയാൻ 4 ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ തിരികെ കൊണ്ടുവരാൻ ശ്രമിക്കും” എന്ന് ഇസ്രോ ചെയർമാൻ വ്യക്തമാക്കി.
നിലവിൽ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രം പരീക്ഷിച്ച ദൗത്യത്തിലേക്ക് ഇന്ത്യയും എത്തുകയാണ്. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിലെ ജലകണങ്ങളെപ്പറ്റി പഠിക്കുക എന്നതാണ് ലുപെക്‌സ് ലക്ഷ്യമിടുന്നത്. 2035 ഓടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന ഒരു ഇന്ത്യൻ ബഹിരാകാശ നിലയത്തിൻ്റെ പണി ഐഎസ്‌ആർഒ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ച് മൊഡ്യൂളുകളിൽ ആദ്യത്തേത് 2028 ഓടെ ഭ്രമണപഥത്തിൽ സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്. യുഎസ് നയിക്കുന്ന ഐഎസ്‌എസ്, ചൈനയുടെ ടിയാൻഗോങ് എന്നിവ കഴിഞ്ഞാൽ ബഹിരാകാശ നിലയം പ്രവർത്തിപ്പിക്കുന്ന മൂന്നാമത്തെ പ്രധാന രാജ്യമായി ഇന്ത്യ മാറുമെന്നും ഐഎസ്‌ആഒ ചെയർമാൻ വിശദീകരിച്ചു









Discussion about this post