ബെംഗളൂരു : രാഷ്ട്രീയ സ്വയംസേവക സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ. 100 വർഷത്തിനിടെ ആദ്യമായാണ് ആർഎസ്എസ് ഇപ്പോൾ നിയമങ്ങൾ പാലിക്കുന്നത് എന്ന് പ്രിയങ്ക് അഭിപ്രായപ്പെട്ടു. ചിറ്റാപൂരിൽ ആർഎസ്‌എസ് മാർച്ചിന് കോടതി അനുമതി നൽകിയ പശ്ചാത്തലത്തിലാണ് പ്രിയങ്ക് ഖാർഗെയുടെ പരാമർശം.
“മുമ്പ് കണ്ടിട്ടില്ലാത്ത രീതിയിൽ ഇത്തവണ ആർഎസ്‌എസ് മാർച്ചിന് നിയമപരവും ഭരണഘടനാപരവുമായ അനുമതിയുണ്ട്. 100 വർഷത്തിനുള്ളിൽ ഇത് ആദ്യമായാണ് ആർഎസ്എസ് നിയമങ്ങളെല്ലാം പാലിച്ചുകൊണ്ട് ഒരു റൂട്ട് മാർച്ച് നടത്തുന്നത്. ഞാൻ ഒരിക്കലും റൂട്ട് മാർച്ചിനെ എതിർത്തിട്ടില്ല. അനുമതി വാങ്ങണമെന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. അവർ നിയമങ്ങൾ പാലിക്കാനുള്ള സാധ്യത കുറവാണ് എന്നുള്ളതിന് അവളാണ് അനുമതി വേണമെന്ന് ആവശ്യപ്പെട്ടത്” എന്നും പ്രിയങ്ക് ഖാർഗെ സൂചിപ്പിച്ചു.
ചിറ്റാപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് പ്രിയങ്ക് ഖാർഗെ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സ്ഥിരം മണ്ഡലമായിരുന്ന ചിറ്റാപ്പൂരിൽ നിന്നും ഇത്തവണ മകൻ മത്സരിച്ച് ജയിക്കുകയായിരുന്നു. ചിറ്റാപൂർ നിയമസഭാ മണ്ഡലത്തിൽ ആർഎസ്‌എസ് റൂട്ട് മാർച്ച് നടത്തുന്നതിന് നേരത്തെ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് സംഘടന കോടതിയെ സമീപിക്കുകയും അനുമതി നേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രിയങ്ക് ഖാർഗെയുടെ ഈ പുതിയ പരാമർശം.









Discussion about this post