പട്ന : ബീഹാർ തിരഞ്ഞെടുപ്പിൽ നേടിയ അതിശക്തമായ വിജയത്തിന് പിന്നാലെ മന്ത്രിസഭാ രൂപീകരണത്തിനും അന്തിമ ഫോർമുലയുമായി എൻഡിഎ. ജനതാദൾ യുണൈറ്റഡ് (ജെഡിയു) വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് കുമാർ ഝാ ഉൾപ്പെടെയുള്ള സഖ്യത്തിലെ മുതിർന്ന നേതാക്കൾ ശനിയാഴ്ച വൈകുന്നേരം ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അന്തിമ തീരുമാനമുണ്ടായിരിക്കുന്നത്. ഓരോ ആറ് എംഎൽഎമാരിൽ നിന്നും ഒരു മന്ത്രി എന്ന നിലയിലാണ് ബീഹാറിൽ മന്ത്രിസഭ രൂപീകരിക്കുന്നത് എന്നാണ് ലഭ്യമായിട്ടുള്ള വിവരം.
ബീഹാർ നിയമസഭയിൽ ആകെ 34 മന്ത്രിമാർ ആയിരിക്കും ഉണ്ടായിരിക്കുക. ബിജെപിയിൽ നിന്നും 15 മന്ത്രിമാരും ജെഡിയുവിൽ നിന്നും 14 മന്ത്രിമാരും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയിൽ നിന്നും 3 മന്ത്രിമാരും എൻഡിഎ സഖ്യത്തിലെ മറ്റു പാർട്ടികളായ രാഷ്ട്രീയ ലോക് മോർച്ചയിൽ നിന്നും ഹിന്ദുസ്ഥാനി മോർച്ചയിൽ നിന്നും ഓരോ മന്ത്രിമാരും ഉണ്ടാകുമെന്നാണ് വ്യക്തമാക്കുന്നത്. കൂടാതെ നിതീഷ് കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി ഒരു വനിത എത്താനും സാധ്യതയുണ്ടെന്ന് സൂചനയുണ്ട്.
ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപിയുടെ സാമ്രാട്ട് ചൗധരി, രാംകൃപാൽ യാദവ്, മംഗൾ പാണ്ഡെ എന്നിവരെയാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് ഉപമുഖ്യമന്ത്രിയായി ഒരു വനിത എത്തണമെന്ന അഭിപ്രായം സഖ്യത്തിനുള്ളിൽ ഉണ്ടാവുകയായിരുന്നു. നിലവിൽ സഞ്ജയ് കുമാർ ഝാ ഉൾപ്പെടെയുള്ള നേതാക്കൾ ഡൽഹിയിൽ നിന്നും ബീഹാറിലേക്ക് മടങ്ങിയെങ്കിലും മന്ത്രിമാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.









Discussion about this post