പട്ന : ബീഹാർ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ ആർജെഡിക്ക് കുടുംബത്തിൽ നിന്നും നാണക്കേട്. ആർജെഡി സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലാണ് ഇപ്പോൾ കൂട്ടത്തല്ല് നടക്കുന്നത്. ലാലുവിന്റെ മകൻ തേജസ്വി യാദവിനെതിരെ കടുത്ത വിമർശനവും പരാതികളും ആണ് ലാലുവിന്റെ പെൺമക്കൾ ഉന്നയിക്കുന്നത്. കഴിഞ്ഞദിവസം മകൾ രോഹിണി ആചാര്യ വീടും രാഷ്ട്രീയവും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇന്ന് ലാലു പ്രസാദ് യാദവിന്റെ മറ്റു മൂന്നു പെൺമക്കളും വീടുവിട്ടിറങ്ങി.
ലാലു പ്രസാദ് യാദവിന് സ്വന്തം വൃക്ക പകുത്തു നൽകിയ മകളാണ് രോഹിണി ആചാര്യ. തിരഞ്ഞെടുപ്പിന് പിന്നാലെ കുടുംബത്തിൽ നിന്നും താൻ വലിയ അപമാനവും അധിക്ഷേപവും നേരിട്ടതായി രോഹിണി ആചാര്യ വ്യക്തമാക്കി. തന്നെ ചെരുപ്പൂരി അടിച്ചു. കുടുംബത്തിൽ എല്ലാ അവകാശങ്ങളും ഏറ്റെടുക്കുന്ന ഒരു മകൻ ഉണ്ടെങ്കിൽ ഒരിക്കലും പെൺമക്കൾ തങ്ങളുടെ മാതാപിതാക്കൾക്ക് അവയവദാനം ഒന്നും നടത്തരുത് എന്ന് രോഹിണി ആചാര്യ സൂചിപ്പിച്ചു.
തേജസ്വി യാദവും അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ ചേർന്ന് ലാലുവിന്റെ പെൺമക്കളെ കുടുംബത്തിൽ നിന്നും അകറ്റുന്നതായാണ് രോഹിണി ആചാര്യ ആരോപിക്കുന്നത്. സഞ്ജയ് യാദവും റമീസുമാണ് ബീഹാറിലെ ആർജെഡിയുടെ കനത്ത പരാജയത്തിന് കാരണമെന്ന് രോഹിണി ആചാര്യരുടെ പരാമർശം ആണ് തേജസ്വി യാദവുമായുള്ള പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുന്നത്.
ഇന്ന് ലാലു പ്രസാദ് യാദവിന്റെ മറ്റ് മൂന്ന് പെൺമക്കളായ രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവരും കുടുംബ വീട് വിട്ടിറങ്ങി. ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലാലു പ്രസാദ് യാദവിന്റെ മറ്റൊരു മകനായ തേജ് പ്രതാപിനെ വീട്ടിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് ഇപ്പോൾ പെൺമക്കളെയും പുറത്താക്കിയിരിക്കുന്നത്.









Discussion about this post