ഐഎഎസ് ഓഫീസർ പ്രശാന്ത് എന്നും മാതൃഭൂമി എഡിറ്റർ മനോജ് കെ ദാസും തമ്മിലുള്ള പോര് മുറുകുന്നു. മനോജിനെതിരെ വലിയ വിമർശനം ഉന്നയിച്ചുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് പ്രശാന്ത് പുതിയ പോർമുഖം തുറന്നത്.ഈ സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും, ചില മധുരഭാഷികളായ പൊയ്മുഖങ്ങൾക്ക് അകത്ത് എത്രമാത്രം വ്യത്യസ്തമായ മുഖമാണെന്നും കാണിക്കുന്ന ലളിതമായ കഥ വിവരിക്കാമെന്ന് പ്രശാന്ത് പറയുന്നു.
വിഗ്രഹങ്ങൾ ഉടയുമ്പോൾ – “ഓ യാ!”
നമ്മുടെ ഉദ്യോഗസ്ഥവൃന്ദം ഇത്രയേറെ അഴിമതി നിറഞ്ഞതും തീരുമാനങ്ങൾ ബുദ്ധിശൂന്യമാകുന്നതും എന്തുകൊണ്ടാണെന്നതിനുള്ള കാരണം ലളിതമാണ്: രഹസ്യാത്മകത. ഫയലുകൾ ഒളിപ്പിക്കുന്നു, കുറിപ്പുകൾ ഒളിപ്പിക്കുന്നു, തീരുമാനങ്ങൾ ഒളിപ്പിക്കുന്നു. ‘Politician-Media-Bureaucracy രാഷ്ട്രീയ-മാധ്യമ-ഉദ്യോഗസ്ഥ’ മാഫിയയുടെ (പി.എം.ബി. മാഫിയ) ലജ്ജാകരമായ സഹകരണത്തിലൂടെയുമാണ് ഈ സംവിധാനം നടത്തുന്നത്. അകത്ത് എന്താണ് നടക്കുന്നതെന്ന് പൊതുജനം അറിയാൻ അഴിമതിക്കാരും നട്ടെല്ലില്ലാത്തവരും ആഗ്രഹിക്കുന്നില്ല. അവർ എല്ലാം “അകത്ത് ഒതുക്കിത്തീർത്ത്” പുറംലോകം കാണാതെയാക്കാൻ ആഗ്രഹിക്കുന്നു.
ഈ സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും, ചില മധുരഭാഷികളായ പൊയ്മുഖങ്ങൾക്ക് അകത്ത് എത്രമാത്രം വ്യത്യസ്തമായ മുഖമാണെന്നും കാണിക്കുന്ന ലളിതമായ കഥ വിവരിക്കാം.
‘രാഷ്ട്രീയ-മാധ്യമ-ഉദ്യോഗസ്ഥ’ മാഫിയ (പി.എം.ബി. മാഫിയ) എന്നെ അവരുടെ വഴിക്ക് കൊണ്ടുവരാൻ പരമാവധി ശ്രമിച്ചു, ഞാൻ അതിന് വിസമ്മതിച്ചു. ആ കഥ പിന്നെ വിശദമായി പറയാം. ഏതായാലും പ്രതികാരമായി, മനോജ് കെ. ദാസും സംഘവും സൃഷ്ടിച്ച “വാട്‌സ്ആപ്പ് സ്റ്റിക്കർ” കേസിൽ എന്നെ കുടുക്കാൻ ‘മേൽത്തട്ടിൽ’ നിന്നുള്ള നിർദ്ദേശപ്രകാരം, ഐപിസി 509-ാം വകുപ്പ് പ്രകാരം ക്രൈം നമ്പർ 1574/2021 രജിസ്റ്റർ ചെയ്യപ്പെട്ടു.
തുടർന്ന് പോലീസ് വിശദമായ അന്വേഷണം നടത്തി.
അവർ സ്റ്റിക്കർ ഏത് സിനിമയിലേതാണെന്ന് കണ്ടെത്തുകയും, രംഗം പൂർണ്ണമായി കാണുകയും, ക്ലിപ്പും സ്ക്രീൻഷോട്ടുകളും പകർത്തി, എല്ലാം മജിസ്‌ട്രേറ്റിന് മുന്നിൽ സമർപ്പിക്കുകയും ചെയ്തു. അസത്യമായത് എഴുതിപ്പിടിപ്പിച്ചാൽ അത് കോടതിയിൽ അവർക്ക് വ്യക്തിപരമായ ബാധ്യത ഉണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർക്ക് നന്നായി അറിയാം. ഉദ്യോഗസ്ഥർ മനോജ് കെ. ദാസിനേക്കാളും സംഘത്തേക്കാളും ബുദ്ധിശാലികളും പ്രൊഫഷണലുമാണല്ലോ.
അന്തിമ റിപ്പോർട്ടിൽ അവർ വളരെ വ്യക്തമായി ഇങ്ങനെ എഴുതി:
““ടി സ്റ്റിക്കറിൽ കാണുന്ന നടി സീമയുടെ ചിത്രത്തെപ്പറ്റി അന്വേഷിച്ചതിൽ ഇത് 1984-ൽ പുറത്തിറങ്ങിയ ‘ഒരു സുമംഗലിയുടെ കഥ’ എന്ന സിനിമയിലെ ഭാഗമാണെന്നു അറിവായതിനെ തുടർന്നു ടി സിനിമ Youtube ലെ എന്ന സ്റ്റിക്കറിലെ ചിത്രമാണ് ആവലാതിക്കാരിക്ക് https://www.youtube.com/watch?v=LvBFvLkV07c&t=7s സൈറ്റിൽ നിന്നും സൈബർ സെൽ സിപിഒ രജ്ഞിത്തിനെ കൊണ്ട് ഡൗൺ ലോഡ് ചെയ്തു പരിശോധിച്ചതിൽ ടി സിനിമ തുടങ്ങി 1 മണിക്കൂർ 23 മിനിറ്റ് കഴിഞ്ഞു വരുന്ന ടി 36 സെക്കൻറ് ഭാഗത്താണ് ഈ ചിത്രം ഉൾപ്പെടുന്ന രംഗം വരുന്നതെന്ന് കണ്ടു പരിശോധിച്ചതിൽ സിനിമയിലെ നടൻ സുകുമാരൻ ദേഷ്യപ്പെട്ട് നടി സീമയുടെ മുഖത്ത് അടിക്കുന്നതും അടി കൊണ്ട് പുളഞ്ഞ് നടി സീമ പിറകോട്ട് മുഖം തിരിച്ച് നിൽക്കുന്ന രംഗത്തിൻറെ ചിത്രമാണ് കുറ്റാരോപിതൻ അയച്ച സ്റ്റീക്കറിൽ കാണുന്നത് എന്ന് വ്യക്തമാകുന്നു. ടി സിനിമയിലെ നടി സീമയുടെ വേദനിക്കുന്ന ദാവമാണ് കുറ്റാരോപിതൻ ആവലാതിക്കാരിക്ക് അയച്ചത് എന്ന് വ്യക്തമാകുന്നു.
Youtube https//www.youtube.com/watch?v=LvBFvLkV07c&t=7s എന്ന സൈറ്റിൽ നിന്നും ‘ഒരു സുമംഗലിയുടെ കഥ’ എന്ന സിനിമ തുടങ്ങി 1 മണിക്കൂർ 23 മിനിറ്റ് കഴിഞ്ഞു വരുന്ന ടി 36 സെക്കൻറ് ഭാഗം ഡൗൺ ലോഡ് അത് കോപ്പി ചെയ്ത സി.ഡിയും, ടി രംഗങ്ങളുടെ സ്ക്രീൻ ഷോട്ട് എടുത്ത് അതിന്റെ നാല് പ്രിൻറ് ഔട്ടുകളും ഫോം-15 ൽ ചേർത്ത് ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കിയിട്ടുള്ളതാണ്.
‘ഒരു സുമംഗലിയുടെ കഥ’ എന്ന സിനിമയിലെ പ്രസ്തുത രംഗം അശ്ലീല രംഗം അല്ല. ആ രംഗത്തിൻെറ മുഴുവൻ ഭാഗവും പരിശോധിച്ചതിൽ നടി സീമയുടെ ആ രംഗത്തിലെ ദാവം നായകൻ്റെ അടി മുഖത്ത് കൊണ്ട് മുഖം തിരിഞ്ഞു പോയി വേദനിച്ചു നിൽക്കുന്ന ഭാവമാണ്. ആ ഭാവം ഒരു അശ്ലീല ഭാവമാണെന്ന് പറയുവാൻ കഴിയില്ല. ആവലാതിക്കാരി പരാതിയിൽ പറഞ്ഞിരിക്കുന്ന സന്ദർഭത്തിൽ കുറ്റാരോപിതൻ ഒരു അശ്ലീല സ്റ്റിക്കർ അയക്കേണ്ട ഒരു സാഹചര്യവും ഇല്ലാത്തതാണ്. ഇക്കാര്യത്തിൽ കുറ്റാരോപിതന് ഒരു അശ്ലീല സ്റ്റിക്കർ അയക്കേണ്ട യാതൊരു ഉദ്ദേശവും കരുതലും ഉള്ളതായി അന്വേഷണത്തിൽ തെളിയുന്നില്ല. ശക്തമായ ആരോപണങ്ങൾ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് നേരിട്ട് കൊണ്ടിരുന്ന സന്ദർഭത്തിൽ തൻ്റെ സ്വകാര്യത മാനിക്കാതെ വ്യക്തിപരമായ വാട്‌സാപ്പിൽ ബന്ധപ്പെടാൻ ശ്രമിച്ച മാധ്യമപ്രവർത്തകയോട് ആരോപണങ്ങളെ സംബന്ധിച്ച് സംസാരിക്കാനുള്ള സ്റ്റിക്കറുകളിൽ നീരസം മാത്രമാണ് പ്രതിഫലിക്കുന്നത്.
ആയതിനാൽ കുറ്റാരോപിതൻ അയച്ച വാട്‌സാപ്പ് സ്റ്റിക്കറുകളിൽ നടി സീമയുടെ ചിത്രമുള്ള സ്റ്റിക്കർ യഥാർത്ഥത്തിൽ മുഖത്ത് അടി കൊണ്ട് വേദനിക്കുന്ന ദാവമാണ് എന്ന് മനസ്സിലാക്കാതെ ആ ചിത്രം ഒരു അശ്ലീലഭാവമാണ് ഉദ്ദേശിക്കുന്നത് എന്ന് തെറ്റിദ്ധരിച്ചു ആവലാതിക്കാരിയെ അപമാനിക്കുന്നതിനും അധിക്ഷേപിക്കുന്നതിനുമായി മനപൂർവ്വം അയച്ചതാണെന്നുള്ള തെറ്റിദ്ധാരണ ഉണ്ടായതുമൂലമാണ് ആവലാതിക്കാരി പരാതി കൊടുത്ത് കേസ്സ് എടുക്കാൻ ഇടയായിട്ടുള്ളത്.”
ഈ കേസിനാധാരമായ ആരോപണം വസ്തുതാപരമായി തന്നെ തെറ്റാണ് (mistake of fact) എന്ന് ഇത്രയും വ്യക്തമായ റിപ്പോർട്ട് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഫയൽ ചെയ്യപ്പെട്ടു (റഫറൻസ് കേസ് നമ്പർ 214/2022). അങ്ങനെ കോടതി മുമ്പാകെ ആ നാടകം നാണം കെട്ട് അവസാനിപ്പിക്കേണ്ടി വന്നു.
തുടർന്ന്, കെട്ടിച്ചമച്ച ഈ കള്ളക്കഥയെ അടിസ്ഥാനമാക്കിയുള്ള വ്യാജവാർത്തകൾക്കും സ്വഭാവഹത്യക്കും എതിരെ മനോജ് കെ. ദാസിനും സംഘത്തിനും എതിരെ ഞാൻ CC 62/23 ആയി എറണാകുളത്തെ സ്പെഷ്യൽ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിട്രേറ്റ് കോടതിയിൽ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്തു.
അന്നുമുതൽ, മനോജ് രാഷ്ട്രീയ തലങ്ങളിലൂടെയും ഉദ്യോഗസ്ഥ തലങ്ങളിലൂടെയും ആ കേസ് പിൻവലിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
അകത്തെ കളി (The Inside Game)
വേദികളിൽ ഇംഗ്ലീഷിലും ചതുരവടിവിലെ മലയാളത്തിലും മനോഹരമായി സംസാരിക്കുകയും, നീതിയെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും അഭിമുഖങ്ങൾ നൽകുകയും, വിവേചനത്തെക്കുറിച്ച് ക്യാമറയ്ക്ക് മുന്നിൽ കരയുകയും ചെയ്യുക– എന്നാൽ അകത്ത്, അധികാരം ഉള്ളവരെ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുക. ഇതാണ് ആധുനിക PMB രീതി.
ശ്രീമതി. ശാരദ മുരളീധരൻ, ഐ.എ.എസ് (റിട്ട.) കഥയിലേക്ക് വരുന്നത് ഇവിടെയാണ്.
2022 ഓഗസ്റ്റിൽ, അഖിലേന്ത്യാ സർവീസസ് (ഡിസിപ്ലിൻ & അപ്പീൽ) ചട്ടങ്ങൾ പ്രകാരം സ്റ്റിക്കർ സംഭവം പരിശോധിക്കുന്നതിനുള്ള പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥയായി അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ശാരദയെ നിയമിച്ചു. ഏതാണ്ട് ഒരു വർഷത്തോളം ശാരദ ഒന്നും ചെയ്തില്ല. ഫയൽ സെക്രട്ടേറിയറ്റിൽ സുഖമായി ഉറങ്ങി. ഇതിനിടെ മനോജ് കെ. ദാസൻ ഏഷ്യാനെറ്റിലേക്ക് മാറി.
അതിനിടയിൽ, മനോജിനെതിരായ എന്റെ ക്രിമിനൽ അപകീർത്തി കേസ് (സി.സി. 62/2023) മന്ദം മന്ദം മുന്നോട്ട് നീങ്ങി. 09.08.2023-ലെ ആദ്യ വാദം കേൾക്കുന്നതിനായി കോടതി നോട്ടീസയച്ചു. മനോജ് കെ. ദാസിന് കാര്യങ്ങൾ ചൂടുപിടിക്കുകയാണെന്ന് മനസ്സിലായി.
07.08.2023-ന് ഏഷ്യാനെറ്റ് ന്യൂസ് ശ്രീമതി ശാരദയെയും കുടുംബത്തെയും കുറിച്ചുള്ള ഒരു വ്യക്തിഗത പ്രൊമോഷണൽ ഫീച്ചർ സംപ്രേക്ഷണം ചെയ്യുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്തു. സോഫ്റ്റ് സ്റ്റോറി. ശ്രീമതി ശാരദയുടെയും കുടുംബത്തിൻ്റെയും പ്രതിച്ഛായ വർദ്ധിപ്പിക്കുന്ന ഒരു പരിപാടി. ഫയലുകളെക്കുറിച്ചല്ല. നിയമങ്ങളെക്കുറിച്ചല്ല. അവരെക്കുറിച്ച് മാത്രം. ഒരു പി.ആർ. (PR) മെറ്റീരിയൽ മാത്രം. (https://youtu.be/QYQX53p8z2M?si=svtfLOlWW2jWLjen)
08.08.2023-ന്, തൊട്ടടുത്ത ദിവസം,ശ്രീമതി. ശാരദ പെട്ടെന്ന് ഉണർന്ന് സ്റ്റിക്കർ വിഷയത്തിൽ ആദ്യത്തെ പ്രാഥമിക അന്വേഷണ വാദം കേൾക്കുന്നു. അവർ വിളിക്കുകയും കേൾക്കുകയും ചെയ്ത ആദ്യത്തെ വ്യക്തി, തലേന്ന് പി.ആർ. വീഡിയോ ടെലിക്കാസ്റ്റ് ചെയ്ത എഡിറ്റർ മനോജ് കെ. ദാസ് – എന്റെ അപകീർത്തി കേസിൽ ഞാൻ പ്രതിയാക്കിയ അതേയാൾ, വ്യാജവാർത്തകൾ നൽകിയ അതേ ആൾ. തുടർന്ന് അയാളുടെ ഫോണിൽ നിന്ന് അവർ വനിതാ പത്രപ്രവർത്തകയോട് സംസാരിക്കുകയും അവരുടെ മൊഴി ‘രേഖപ്പെടുത്തുകയും’ ചെയ്യുന്നു!
ഇതിൻ്റെ അടിസ്ഥാനത്തിൽ കേസ് പിൻവലിപ്പിക്കാൻ അന്ന് തന്നെ സമ്മർദ്ദം തുടങ്ങി. 09.08.2023-ന്, തൊട്ടടുത്ത ദിവസം, മനോജിനെതിരായ എന്റെ ക്രിമിനൽ അപകീർത്തി കേസ് സി.സി. 62/2023 എറണാകുളം അഡീഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ ആദ്യ വാദത്തിൽ തന്നെ വക്കീൽ ഹാജരാവരുതെന്നും ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കണം എന്നുമായിരുന്നു ആവശ്യം.
ഞാൻ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ 18.09.2023 ന് എന്നെ ഹിയറിങ്ങിന് നേരിട്ട് വിളിപ്പിച്ചു. ആ ഹിയറിങ്ങ് വളരെ രസകരമായിരുന്നു.
“നിങ്ങൾ എന്തിനാണ് മനോജിനെതിരായ കേസ് മുന്നോട്ട് കൊണ്ടുപോകുന്നത്?”
(ശാരദ മുരളീധരൻ പിന്നീട് ചീഫ് സെക്രട്ടറിയായപ്പോൾ അവർ നടത്തിയ വാദം കേൾക്കൽ ലൈവായി സ്ട്രീം ചെയ്യണമെന്ന് ഞാൻ ശഠിച്ചതിന്റെ കാരണം മനസ്സിലായിക്കാണുമല്ലോ.)
പി.എം.ബി. മാഫിയ പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്:
പുറത്ത്, അവർ ധാർമ്മിക പ്രകടനം നടത്തും –
“നമ്മൾ വനിതാ പത്രപ്രവർത്തകരെ സംരക്ഷിക്കണം, അന്തസ്സ് ഉയർത്തിപ്പിടിക്കണം, മോശം പെരുമാറ്റം ശിക്ഷിക്കണം.”
അകത്ത്, ചോദ്യം മാറുന്നു –
“എന്തുകൊണ്ടാണ് നിങ്ങൾ എന്റെ സുഹൃത്തുമായി ഒത്തുതീർപ്പാകാത്തത്? അവർ നല്ല ആളുകളാണ്. എന്തിനാണ് നിങ്ങൾ ഇപ്പോഴും അപകീർത്തി കേസുമായി മുന്നോട്ട് പോകുന്നത്?”
ഞാൻ പിൻമാറാൻ വിസമ്മതിച്ചു. ഒരു എഡിറ്ററെയോ, രാഷ്ട്രീയക്കാരനെയോ, ഉദ്യോഗസ്ഥനെയോ സന്തോഷിപ്പിക്കാൻ സി.സി. 62/2023 പിൻവലിക്കില്ലെന്ന് ഞാൻ വ്യക്തമാക്കി. ഒന്നും ചെയ്യാൻ കഴിയാതെ അവർ അത് വിട്ടു.
ഒരു വർഷം കൂടി കഴിഞ്ഞ്, 08-11-2024-ന്, ഡോ. എ. ജയതിലക്, ഗോപാലകൃഷ്ണൻ, മാതൃഭൂമി എന്നിവർ തമ്മിലുള്ള ക്രിമിനൽ ഗൂഢാലോചനയും വ്യാജ വാർത്ത അച്ചടിച്ചത് തുറന്നുകാട്ടിക്കൊണ്ട്, എഡിറ്റർ മനോജ് കെ. ദാസിനെ പ്രത്യേകം പേരെടുത്ത് പറഞ്ഞും അവരുടെ ഏകോപിത പ്രവർത്തനങ്ങളെക്കുറിച്ചുള്ള വസ്തുതകൾ നിരത്തിയും ഞാൻ ഒരു വിശദമായ ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചു. (മാതൃഭൂമിക്കെതിരെ ഇന്നലെ വന്ന കോടതി വിധി ഈ വിഷയത്തിലാണ് ) ആർക്കും ഒരു പരാതിയുമില്ലാതിരുന്നിട്ടും, എൻ്റെ ഒരു വിശദീകരണവും ചോദിക്കാൻ മെനക്കെടാതെ ശ്രിമതി ശാരദ മുരളീധരൻ എന്നെ സസ്പെൻ്റ് ചെയ്തു.
ഇനിയാണ് തമാശ. അതേ ദിവസം തന്നെ, 8.11.2024-ന്, കൊല്ലങ്ങളായി തീർപ്പാക്കാതെ വെച്ച സ്റ്റിക്കർ വിഷയത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ശ്രീമതി. ശാരദ മുരളീധരൻ പെട്ടെന്ന് ഒപ്പിട്ട് സമർപ്പിച്ചു. മനോജ് കെ. ദാസിൻ്റെ വ്യാജവാർത്ത വീണ്ടും പൊതുജനമധ്യത്തിൽ നാണക്കേടായതിന് മറ്റെന്ത് ചെയ്യാനാവും? ആ റിപ്പോർട്ട് അതിലും തമാശയാണ്. പോലീസ് അന്വേഷണത്തിൽ വസ്തുതാപരമായി തെറ്റെന്ന് കണ്ടെത്തി, കോടതിക്ക് ബോധ്യപ്പെട്ട കാര്യം, ശ്രീമതി ശാരദ മുരളീധരൻ മനോജ് കെ. ദാസിന് വേണ്ടി വീണ്ടും വ്യാജമായി എഴുതിപ്പിടിപ്പിക്കാൻ ധൈര്യം കാണിച്ചു.
ഈ തീയതികൾ മാത്രം മതി, പിന്നണിയിൽ എന്താണ് സംഭവിച്ചതെന്ന് ഏതൊരു sensible ആയ പൗരനും മനസ്സിലാക്കാൻ.
കോടതി തീർപ്പാക്കിയ ഒരു പഴയ സംഭവം, പ്രകടമായ തിടുക്കത്തിൽ തയ്യാറാക്കിയ ഒരു റിപ്പോർട്ടിലൂടെ ഒരു പുതിയ വകുപ്പുതല ആയുധമാക്കി മാറ്റാൻ കൂട്ടു നിന്നതിന് ശ്രീമതി ശാരദക്ക് കാരണങ്ങളുണ്ട്. ചില ദയനീയ വസ്തുതകൾ:
വർഷങ്ങളായി, ശ്രീമതി ശാരദയുടെ മാധ്യമ പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിൽ മനോജ് കെ. ദാസ് പ്രധാന പങ്ക് വഹിച്ചു – ഇന്ത്യൻ എക്സ്പ്രസിലും, ടൈംസ് ഓഫ് ഇന്ത്യയിലും, ഏഷ്യാനെറ്റ് ന്യൂസിലും, മാതൃഭൂമി ഡെയ്‌ലി & ഡിജിറ്റലിന്റെ എഡിറ്റർ എന്ന നിലയിലും. പ്രത്യേക പരിപാടികൾ, സൗഹൃദപരമായ അഭിമുഖങ്ങൾ, വ്യക്തിത്വ പ്രൊഫൈലുകൾ – എല്ലാം ശ്രദ്ധാപൂർവ്വം തയ്യാറാക്കപ്പെട്ടവ. നിലവിൽ മനോജ് കെ ദാസിൻ്റെ കീഴിൽ, മാതൃഭൂമിയുടെ 2026 ലെ സാഹിത്യോത്സവത്തിൽ സ്വന്തം കുടുംബാംഗം ജോലി ചെയ്യുന്നു. 31.05.2025 ന് ഇത് വാർത്തയായതാണ്. മറ്റ് കുടുംബാംഗങ്ങളുടെ കലാ-നൃത്ത പരിപാടികൾക്ക് പി.ആർ വർക്കും മാധ്യമ പിന്തുണയും ഉറപ്പാക്കിക്കൊടുക്കുന്നതും ഈ PMB നെറ്റ് വർക്ക് തന്നെയാണ്. ഇതിൻ്റെ കൂടുതൽ വിവരങ്ങൾ മാധ്യമ പ്രവർത്തകർക്ക് തന്നെ ലഭ്യമാണ്.
ഇത് നിഷ്പക്ഷതയല്ല. മര്യാദയല്ല. ഇതിനെയാണ് Conflict of Interest എന്ന് പറയുന്നത്.
എന്തിനാണ് ഞാൻ ഇത് ഇപ്പോൾ പറയുന്നത്? സ്ത്രീത്വവും തൊലിനിറവും വെച്ചുള്ള താത്വിക അവലോകനവും വാചാടോപവും വേറെയാണ്, നൈതികതയും, സത്യസന്ധതയും, നീതിബോധവും വേറെയാണ്. രാഷ്ട്രീയ-മാധ്യമ-ഉദ്യോഗസ്ഥ (പി.എം.ബി) മാഫിയ പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്:
1. ആദ്യം മാധ്യമങ്ങളെ ഉപയോഗിച്ച് ഒരു വ്യാജ പൊതുധാരണ സൃഷ്ടിക്കുക.
2. അത് ഫലം കണ്ടില്ലെങ്കിൽ, കള്ളക്കേസുകൾ ചുമത്തി പോലീസിനെ ഉപയോഗിച്ച് അയാളെ കുടുക്കാൻ ശ്രമിക്കുക.
3. കോടതി അത് അംഗീകരിക്കുന്നില്ലെങ്കിൽ, കളി സിസ്റ്റത്തിനകത്തേക്ക് മാറ്റുക.
4 .നിയമപരമായി ചെയ്യാൻ കഴിയാത്തത് ചെയ്യാൻ, നട്ടെല്ലില്ലാത്ത ഉദ്യോഗസ്ഥർ ഏറെ ഉള്ളതിനാൽ അകത്തെ കളി എളുപ്പമാണ്.
ഹിരണ്യകശിപുവിന്റെ കണ്ണിൽ പ്രഹ്ലാദനും കുറ്റക്കാരനായിയിരുന്നു.
“തെറ്റ്” തിരുത്താൻ “ഹിരണ്യായ നമഃ ” എന്ന് ജപിച്ചാൽ പോരെ ?
തൽക്കാലം സൗകര്യമില്ല.
എന്നാൽ “ഹിരണ്യായ നമഃ ” ജപിക്കുന്നവർ ആരെന്ന് ജനം അറിയട്ടെ.
സിസ്റ്റം നേരെയാവണമെങ്കിൽ വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ പൊതുജനം എല്ലാം അറിയണം. അകത്തും പുറത്തും പലമുഖങ്ങളുള്ള ഉന്നത ഉദ്യോഗസ്ഥരെയും, രാഷ്ട്രീയക്കാരെയും, മാധ്യമപ്രവർത്തകരെയും ഒരുപോലെ അറിയണം.
… തുടരും
NB : താഴെ കൊടുത്തതിൽ അശ്ലീലം കണ്ടെത്തിയാൽ അറിയിക്കുമല്ലോ.












Discussion about this post