ന്യൂഡൽഹി: വനിതാ സംവരണ ബില്ല് തങ്ങൾ നേരത്തെ അവതരിപ്പിച്ചതാണെന്ന കോൺഗ്രസിന്റെ അവകാശവാദത്തെ പൊളിച്ചടുക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. ബില്ല് പലപ്പോഴും പാർലമെന്റിൽ മുടക്കിയത് കോൺഗ്രസിന്റെ സഖ്യകക്ഷികളായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ബില്ലിനെക്കുറിച്ച് കോൺഗ്രസ് ഒരിക്കലും ഗൗരവമായ സമീപനം സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇപ്പോൾ നരേന്ദ്രമോദി സർക്കാർ യാഥാർത്ഥ്യമാക്കിയ ചരിത്രചുവടുവെയ്പിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ച പ്രതികരണത്തിൽ വിമർശിച്ചു. നാരീശക്തി വന്ദൻ അദിനിയാം ബില്ല് നാടിന്റെ മുക്കിലും മൂലയിലും ആഘോഷിക്കുകയാണ്. വനിതകളെ ശാക്തീകരിക്കാനുളള മോദി സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് ഇതിൽ ഒരിക്കലും ഗൗരവ സമീപനമായിരുന്നില്ല. ഒന്നുകിൽ നിയമം താമസിപ്പിക്കും. അല്ലെങ്കിൽ സൗഹൃദ പാർട്ടികൾ ബില്ല് മേശപ്പുറത്ത് വെയ്ക്കുന്നത് തടസപ്പെടുത്തും. ഇപ്പോൾ ബില്ലിന്റെ ക്രെഡിറ്റ് എടുക്കാൻ എങ്ങനെ ശ്രമിച്ചാലും ഈ ഇരട്ടത്താപ്പ് മൂടിവെയ്ക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.








