ന്യൂഡൽഹി: വാട്‌സ് ആപ്പ് ചാനൽ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് വാട്‌സ് ആപ്പ് ചാനൽ ആരംഭിച്ച വിവരം പങ്കുവച്ചത്. ചാനലിന്റെ ലിങ്കും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
സന്ദേശങ്ങൾ നേരിട്ട് ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം പുതിയ വാട്‌സ് ആപ്പ് ചാനൽ ആരംഭിച്ചിരിക്കുന്നത്. വാട്‌സ് ആപ്പ് ചാനലിലെ ആദ്യ പോസ്റ്റായി പാർലമെന്റ് മന്ദിരത്തിനുള്ളിലെ അദ്ദേഹത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഏവരെയും സ്വാഗതം ചെയ്തുകൊണ്ടുള്ള കുറിപ്പും പുതിയ ചാനലിൽ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്.
‘ വാട്‌സ് ആപ്പ് കമ്യൂണിറ്റിയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ആവേശഭരിതനാണ്. അടുത്തുള്ള ആശയവിനിമയത്തിന് വേണ്ടിയുള്ള യാത്രയിൽ ഇതൊരു നിർണായക ചുവടുവയ്പ്പാണ്. ഇവിടെ നമുക്ക് പരസ്പരം കൂടിച്ചേരാം പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രമിതാ- പ്രധാനമന്ത്രി വാട്‌സ് ആപ്പ് ചാനലിൽ കുറിച്ചു.
ഈ മാസം 13 മുതലാണ് വാട്‌സ് ആപ്പ് വാട്‌സ് ആപ്പ് ചാനൽ ആരംഭിച്ചത്. ഒരു കൂട്ടം ആളുകളിലേക്ക് സന്ദേശം പങ്കുവയ്ക്കാൻ കഴിയുന്ന സംവിധാനമാണ് ഇത്. ഇന്ത്യയുൾപ്പെടെ 150 ഓളം രാജ്യങ്ങളിലാണ് ഈ ഫീച്ചർ വാട്‌സ് ആപ്പ് കൊണ്ടുവന്നിരിക്കുന്നത്. സിനിമാ താരങ്ങൾ മുതൽ രാഷ്ട്രീയക്കാർവരെ നിരവധി പേരാണ് വാട്‌സ് ആപ്പ് ചാനൽ ആരംഭിച്ചിരിക്കുന്നത്. ഇതിനിടെയാണ് ദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രിയും വാട്‌സ് ആപ്പ് ചാനൽ ആരംഭിക്കുന്നത്.
Discussion about this post