ജനീവ: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്താനുള്ള നീക്കവുമായി തുർക്കി. യുഎൻ ജനറൽ അസംബ്ലിയിൽ കശ്മീർ വിഷയം ഉന്നയിച്ചുകൊണ്ടായിരുന്നു ഇതിനായുള്ള തുർക്കിയുടെ ശ്രമം. കശ്മീരിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനായി ഇന്ത്യയുടെ പാകിസ്താനും തമ്മിൽ ചർച്ച നടത്തണമെന്നും, ഇതിനായുള്ള ശ്രമങ്ങൾക്ക് തുർക്കിയുടെ പിന്തുണയുണ്ടാകുമെന്നും പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗാൻ അസംബ്ലിയിൽ പറഞ്ഞു.
അസംബ്ലിയിൽ ലോകനേതാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു എർദോഗാൻ കശ്മീർ വിഷയം പരാമർശിച്ചത്. കശ്മീരിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനായി ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ച നടത്തണം. ഇതിനായുള്ള പരിശ്രമങ്ങൾക്ക് തുർക്കിയുടെ പിന്തുണയുണ്ടാകുമെന്നും എർദോഗാൻ പറഞ്ഞു. മുൻ വർഷങ്ങളിലും അസംബ്ലിയിൽ തുർക്കി കശ്മീർ വിഷയം ഉന്നയിച്ചിരുന്നു.
അതേസമയം പരാമർശത്തിന് തൊട്ടുപിന്നാലെ തന്നെ ഇന്ത്യയെ പ്രശംസിച്ചും എർദോഗാൻ രംഗത്ത് എത്തി. യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ആയിരുന്നു എർദോഗാന്റെ പ്രതികരണം. ഇന്ത്യയിൽ നടന്ന ജി 20 ഉച്ചകോടിയ്ക്കിടെ എർദോഗാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുകയും വ്യാപാരം ഉൾപ്പെടെയുള്ള മേഖലകളിൽ പിന്തുണ തേടുകയും ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് യുഎൻ ജനറൽ അസംബ്ലിയിൽ കശ്മീർ വിഷയം ഉന്നയിച്ചിരിക്കുന്നത്.
Discussion about this post