ലഖ്‌നൗ : അയോധ്യയിലെ രാമക്ഷേത്രത്തിൽ ബോംബിടുമെന്നു വ്യാജ സന്ദേശം അയച്ച 14 വയസുകാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബറേലിയിലെ ഫത്തേഗഞ്ച് ഈസ്റ്റിലുള്ള ഇറ്റൗറിയയിൽ താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് കസ്റ്റഡിയിലെടുത്തത് . ലഖ്‌നൗ പോലീസിന്റെ എമർജൻസി ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് സെപ്റ്റംബർ 21ന് രാമക്ഷേത്രം തകർക്കുമെന്നാണ് വിദ്യാർത്ഥി പറഞ്ഞത്.

സെപ്റ്റംബർ 21ന് രാമക്ഷേത്രം തകർക്കുമെന്ന ഒരു വീഡിയോ വിദ്യാർത്ഥിയും സുഹൃത്തുംകൂടി യൂട്യൂബിൽ കണ്ടിരുന്നു. ആ വിവരം പോലീസിനെ അറിയിക്കാമെന്നു കരുതിയാണ് വിളിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ ഫെബ്രുവരിയിലും ഇതിനു സമാനമായ ഒരു ഫോൺ സന്ദേശം അയോദ്ധ്യ നിവാസികൾക്ക് ലഭിച്ചിരുന്നു. രാമജന്മഭൂമി തകർക്കുമെന്നായിരുന്നു അജ്ഞാതന്റെ ഫോൺ സന്ദേശത്തിൽ ഉണ്ടായിരുന്നത്. ക്ഷേത്ര നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ജില്ലയിലുടനീളം പോലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ട നിർമ്മാണം ഡിസംബറിൽ പൂർത്തിയാകും. അതിനു ശേഷം ദർശനത്തിനായി ക്ഷേത്രം ഭക്തർക്ക് തുറന്നു കൊടുക്കും.








