തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ജില്ലയിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശനിയാഴ്ച വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പ്. ഇന്നും നാളെയും അതിശക്തമായ മഴ ലഭിക്കും. ഈ സാഹചര്യത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. യെല്ലോ അലർട്ട് ഏർപ്പെടുത്തിയ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കും.
നിലവിൽ വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ- ഒഡീഷ തീരത്തിന് സമീപം ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇതാണ് നിലവിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്. അടുത്ത രണ്ട് ദിവസം ജാർഖണ്ഡിന് മുകളിലൂടെ നീങ്ങാനാണ് സാദ്ധ്യത. ന്യൂനമർദ്ദത്തിന് പുറമേ കച്ചിന് മുകളിലായി ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണം ആകുന്നുണ്ട്.
Discussion about this post